കോക്രോച്ച് ജനതാ പാര്‍ട്ടി വിഘടനവാദികളുടെ ബി ടീമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവക്കണമെന്നാണ് സിജെപി ആവശ്യപ്പെടുന്നത്. ഇതോടെയാണ് സിജെപിക്കെതിരെ കടുത്ത ഭാഷയില്‍ ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തുവന്നത്.
Dharmendra Pradhan, Minister of Education of India

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

Updated on

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധം തുടരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ (സിജെപി) രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിഘടനവാദികളുടെ ബി ടീമാണ് സിജെപിയെന്ന് ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു. ഒരു ദേശീയ മാധ്യത്തിനു നല്‍കിയ അഭിമുഖത്തിലാണ് ധര്‍മേന്ദ്ര പ്രധാന്‍ സിജെപിക്കെതിരെ ആഞ്ഞടിച്ചത്.

''അവര്‍ വിഘടനവാദികളുടെ ബി ടീമാണ്. ജനാധിപത്യത്തില്‍ നിരസിക്കപ്പെട്ടവര്‍ വേഷംമാറി വന്ന് ഇപ്പോള്‍ വ്യവസ്ഥിതിയുടെ പിന്നാലെയാണ്. രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അവര്‍ മുദ്രാവാക്യം ഉയര്‍ത്തുന്നു. അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്''- ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ വിവാദത്തില്‍ ധര്‍മേന്ദ്ര പ്രധാനെ ഉന്നമിട്ടാണ് സിജെപി സമരം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവക്കണമെന്നാണ് സിജെപി ആവശ്യപ്പെടുന്നത്. ഇതോടെയാണ് സിജെപിക്കെതിരെ കടുത്ത ഭാഷയില്‍ ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തുവന്നത്.

വിഷയത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സിജെപി സമരം പുരോഗമിക്കുകയാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. എന്നാല്‍ പ്രതിഷേധത്തെ ഗൗരവത്തിലെടുക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ ആവശ്യം കണ്ടില്ലെന്നു നടിക്കുകയാണ്.

ഞായറാഴ്ചയാണ് നീറ്റ് പുനപരീക്ഷ നടന്നത്. അര്‍ധസൈനിക വിഭാഗങ്ങളെ അടക്കം വിന്യസിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷയ്ക്ക് ഒരുക്കിയിരുന്നത്. അതേസമയം പരീക്ഷയില്‍ ക്രമക്കേടിനു ശ്രമിച്ചവരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ബിഹാറില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച കേസില്‍ 30 പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കാളികളായ അധ്യാപകരെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി കുറ്റപ്പെടുത്തി. സംരക്ഷകര്‍ വേട്ടക്കാരായി മാറിയെന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ വിമര്‍ശനം.

logo
Metro Vaartha
www.metrovaartha.com