

അമിത് ഷാ, രാഹുൽ ഗാന്ധി
ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയും ആവശ‍്യപ്പെട്ട് രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സമരത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി അമിത് ഷാ.
വിവിധ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയങ്ങളെ പുകഴ്ത്തിയ ആഭ‍്യന്തര മന്ത്രി പതിറ്റാണ്ടുകളായി കോൺഗ്രസ് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എന്നാൽ എസ്ഐആറിനെ പഴി ചാരുകയാണെന്നും 2024ന് ശേഷമാണ് എസ്ഐആർ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിലാണ് അമിത് ഷായുടെ പ്രസ്താവന. ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷനിലെ 44 സീറ്റുകളിൽ 38 എണ്ണത്തിലും പാർട്ടി വിജം നേടിയിരുന്നു. കൂടാതെ താര, ഓഖ മുനിസിപ്പാലിറ്റികളിലും ഭൂരിപക്ഷം നേടിയിരുന്നു.
പശ്ചിമ ബംഗാൾ, ത്രിപുര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ദശാബ്ദങ്ങളായി കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചിട്ടില്ലെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഇക്കാര‍്യത്തിൽ ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ ആവശ‍്യപ്പെട്ടു.
''കഴിഞ്ഞ 33 വർഷമായി ത്രിപുരയിൽ ഒരു കോൺഗ്രസ് മുഖ‍്യമന്ത്രിയും വിജയിച്ചിട്ടില്ല. പശ്ചിമ ബംഗാളിൽ കോൺഗ്രസ് പാർട്ടി 54 വർഷമായി വിജയിച്ചിട്ടില്ല. എനിക്ക് രാഹുൽ ഗാന്ധിയോട് നേരിട്ട് ചോദിക്കാനുള്ളത്. ഇത് എസ്ഐആറിന്‍റെ ഫലമാണോ? എസ്ഐആർ നിലവിൽ വന്നത് 2024ന് ശേഷമാണ്''. അമിത് ഷാ പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി ചുമതലയേറ്റെടുത്തതു മുതൽ കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ പരാജയം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.