ഒടുവിൽ കീഴടങ്ങി; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

ശനിയാഴ്ച ഉച്ചയ്ക്കാണ് രാജിവച്ചത്.
Dharmendra Pradhan

ധർമേന്ദ്ര പ്രധാൻ

Updated on

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധർമേന്ദ്ര പ്രധാൻ രാജികത്ത് നൽകി.

വിഷയത്തിൽ പ്രക്ഷോഭം തുടങ്ങി 35ാം ദിവസമാണ് രാജി. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സമരം നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണണെന്ന ആവശ്യത്തിൽ ഉറച്ചുനിന്നിരുന്നു. രാജി വച്ചില്ലെങ്കിൽ രാജ്യവ്യാപക സമരം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് സിജെപിയും കേന്ദ്ര സർക്കാരും തമ്മിൽ മൂന്നാംവട്ട ചർച്ച നടക്കാൻ പോകുന്നതിനു തൊട്ടുമുന്നേയാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി.

ഗത്യന്തരമില്ലാതെയാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. വിഷയത്തിൽ സിജെപിയ്ക്ക് ശക്തമായ പിന്തുണയുമായി കോൺഗ്രസ് രംഗത്തുവന്നിരുന്നു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുൻപിൽ വൻ പ്രതിഷേധവും നടത്തിയിരുന്നു.

വെള്ളിയാഴ്ച നടന്ന രണ്ടാംവട്ട ചർച്ചയിൽ സിജെപിയുടെ മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണം സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ സിജെപി ഉറച്ചുനിന്നു. തുടർന്ന് സർക്കാർ സമയം തേടി. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്നാണ് ശനിയാഴ്ച രാവിലെ പുറത്തുവന്ന സൂചനകൾ. എന്നാൽ ഉച്ചയ്ക്ക് 2.30ന് അപ്രതീക്ഷിതമായി രാജിവച്ച വിവരം പുറത്തുവരികയായിരുന്നു.

logo
Metro Vaartha
www.metrovaartha.com