"ഇസ്ലാമിൽ ഹിജാബ് നിർബന്ധമല്ല"; സ്കൂളിൽ ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി

പ്രയാഗ്‌രാജിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കി പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടുന്ന വിദ്യാർഥിനിയാണ് അമ്മ മുഖേന കോടതിയെ സമീപിച്ചത്
"ഇസ്ലാമിൽ ഹിജാബ് നിർബന്ധമല്ല"; സ്കൂളിൽ ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി

അലഹാബാദ് ഹൈക്കോടതി.

Updated on

അലഹാബാദ്: സ്കൂൾ യൂണിഫോമിനൊപ്പം ശിരോവസ്ത്രം (ഹിജാബ്) ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിൽ ഒഴിവാക്കാനാകാത്ത ആചാരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ സുപ്രധാന വിധി.

പ്രയാഗ്‌രാജിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കി പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടുന്ന വിദ്യാർഥിനിയാണ് അമ്മ മുഖേന കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ താൻ ഇവിടെ ഹിജാബ് ധരിച്ചാണ് പഠിച്ചതെന്നും അത് തുടരാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

സ്വകാര്യ സ്വാശ്രയ സ്കൂളുകൾക്ക് സ്വന്തം സ്ഥാപനത്തിൽ ഡ്രസ് കോഡും അച്ചടക്കവും നടപ്പിലാക്കാൻ പൂർണ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്കൂൾ നിശ്ചയിച്ച യൂണിഫോം സ്വന്തം നിലയിൽ മാറ്റാൻ വിദ്യാർഥികൾക്ക് അവകാശമില്ല.

തലപ്പാവ് ധരിക്കുന്നത് ഇസ്ലാം മതാനുഷ്ഠാനത്തിൽ നിർബന്ധമുള്ള കാര്യമാണെന്ന വാദം കോടതി തള്ളി. ഇത് ഇസ്ലാമിക വിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ലെന്ന് മുൻപ് പല ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

എല്ലാ വിദ്യാർഥികളും ഒരേ യൂണിഫോം ധരിക്കുമ്പോൾ ഒരാൾക്ക് മാത്രം പ്രത്യേക ഇളവ് നൽകുന്നത് സ്ഥാപനത്തിന്‍റെ സമത്വത്തെയും അച്ചടക്കത്തെയും ബാധിക്കുമെന്ന് സ്കൂൾ മാനേജ്‌മെന്‍റും സംസ്ഥാന സർക്കാരും സിബിഎസ്ഇയും കോടതിയിൽ വ്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com