തൊഴിൽരഹിതർക്ക് 5,000 രൂപ അലവൻസ് വാഗ്ദാനവുമായി അഖിലേഷിന്‍റെ പ്രകടനപത്രിക

അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം സര്‍ക്കാര്‍ ജോലികള്‍, തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 5,000 രൂപ അലവന്‍സ്, കാര്‍ഷിക വായ്പകള്‍ ഉടനടി എഴുതിത്തള്ളല്‍, 23 വിളകള്‍ക്കും പാലിനും മിനിമം താങ്ങുവില
UP SP Akhilesh Yadav manifesto

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക, പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യാഴാഴ്ച പുറത്തിറക്കിയപ്പോൾ.

Updated on: 

ലക്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പുറത്തിറക്കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം സര്‍ക്കാര്‍ ജോലികള്‍, തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 5,000 രൂപ അലവന്‍സ്, കാര്‍ഷിക വായ്പകള്‍ ഉടനടി എഴുതിത്തള്ളല്‍, 23 വിളകള്‍ക്കും പാലിനും മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്ന നിയമപരമായ ഗ്യാരന്‍റി എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് (ബിപിഎല്‍) 10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ്, അടച്ചുപൂട്ടിയ 26,000 പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറക്കല്‍, പന്ത്രണ്ടാം ക്ലാസ് വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണ പദ്ധതി പുനരാരംഭിക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു. 'ഇന്ത്യ'സഖ്യത്തിലെ പങ്കാളിയായ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളിലെ തര്‍ക്കങ്ങള്‍ക്കിടയിലാണ് സമാജ്‌വാദി പാര്‍ട്ടി (എസ്പി) പ്രകടനപത്രിക പുറത്തിറക്കിയത്.

എസ്പിയുടെ പ്രകടനപത്രികയിലെ പ്രധാന ഇനങ്ങളിലൊന്നാണ് തൊഴില്‍ വാഗ്ദാനം. 25 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ക്ക് പുറമെ, മറ്റ് മേഖലകളിലായി അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടോ മൂന്നോ കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ജോലി ലഭിക്കുന്നത് വരെ ബിരുദധാരികള്‍ക്ക് പ്രതിമാസം 5,000 രൂപ വീതം നല്‍കും.

നിയമനങ്ങളിലുണ്ടാകുന്ന കാലതാമസവും ക്രമക്കേടുകളും പരിഹരിക്കുന്നതിനായി, സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുന്നതിന് ഒരു വാര്‍ഷിക കലണ്ടര്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒറ്റ ഘട്ട പരീക്ഷയുള്ള നിയമന നടപടികള്‍ മൂന്ന് മാസത്തിനുള്ളിലും, ഒന്നിലധികം ഘട്ടങ്ങളുള്ളവ ആറ് മാസത്തിനുള്ളിലും പൂര്‍ത്തിയാക്കും.

പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്ലാത്ത ഒരു നിയമന സംവിധാനവും, ക്രമക്കേടുകള്‍ ഉണ്ടായാല്‍ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും വ്യക്തിപരമായി ഉത്തരവാദികളാക്കുന്ന വ്യവസ്ഥയും ഈ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

ഭരണഘടനാ ദിനമായ നവംബര്‍ 26ന് ലക്നൗവില്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കുന്നതിനിടെ, ബിജെപിയുടെ 2014ലെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ അഖിലേഷ് യാദവ് പരിഹസിച്ചു. 'നല്ല ദിവസങ്ങള്‍ വന്നില്ല, എന്നാല്‍ മോശം ദിവസങ്ങള്‍ അവസാനിക്കാറായിരിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ പ്രചാരണത്തിന്‍റെ മുഖ്യ ആകര്‍ഷണമായിരുന്നു 'നല്ല ദിവസങ്ങള്‍ വരാനിരിക്കുന്നു' എന്ന മുദ്രാവാക്യം.