

ഇന്ത്യയിൽ നിർമാണ യൂണിറ്റ് വിപുലീകരിക്കാനുള്ള നീക്കവുമായി യുഎസ് പ്രതിരോധ കമ്പനി ലോക്ക്ഹീഡ് മാർട്ടിൻ
ന്യൂഡൽഹി: അമെരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ ഇന്ത്യയിൽ നിർമാണ യൂണിറ്റ് വിപുലീകരിക്കാനുള്ള നീക്കം നടത്തുന്നു. ഇതിനായി മീഡിയം ട്രാൻസ്പോർട്ട് സൈനിക വിമാനം നിർമിക്കാനുള്ള ടെൻഡറിൽ വിജയിക്കാനുള്ള ശ്രമത്തിലാണ് അമെരിക്കൻ പ്രതിരോധ രംഗത്തെ അതികായരായ ലോക്ക്ഹീഡ് മാർട്ടിൻ.
2026 ഓഗസ്റ്റിൽ 60 മീഡിയം ട്രാൻസ്പോർട്ട് വിമാനങ്ങൾക്കുള്ള 10.5 ബില്യൺ ഡോളറിന്‍റെ ടെൻഡർ ഇന്ത്യ ക്ഷണിച്ചിരുന്നു. അഞ്ച് ഇന്ത്യൻ കമ്പനികളാണ് കരാർ സ്വന്തമാക്കാൻ മത്സരിക്കുന്നത്. ടാറ്റാ അഡ്വാൻഡ്സ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ), മഹീന്ദ്ര ഗൂപ്പ്, അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്എഎൽ), റിലയൻസ് ഡിഫൻസ് എന്നിവയാണ് കമ്പനികൾ. ഇതിൽ ടാറ്റയുമായി ചേർന്നാണ് ലോക്ക്ഹീഡ് മാർട്ടിൻ കരാർ നേടാൻ ശ്രമിക്കുന്നത്.
സി-130 ജെ വിമാനത്തിന്‍റെ ഭാഗങ്ങൾ നിർമിക്കുന്ന ടാറ്റയുമായി തങ്ങൾക്ക് ദീർഘകാലത്തെ സഹകരണം ഉണ്ടെന്ന് ലോക്ക്ഹീഡ് മാർട്ടിൻ ഗ്ലോബൽ ബിസിനസ് ഡെവലപ്മെന്‍റ് ആൻഡ് സ്ട്രാറ്റജി സീനിയർ വൈസ് പ്രസിഡന്‍റ് ഡാൻ ടെന്നി വാർത്താ ഏജൻസിയോട് പറഞ്ഞു. ലോക്ക്ഹീഡ് മാർട്ടിനും ടിഎഎസ്എല്ലും ടെൻഡറിൽ വിജയിച്ചാൽ വിപുലീകരണം സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെൻഡറിൽ വിജയിച്ചാൽ 48 വിമാനങ്ങൾ ഇന്ത്യയിൽ വച്ച് നിർമിക്കാനും 12 എണ്ണം ഇറക്കുമതി ചെയ്യാനുമാണ് ലോക്ക്ഹീഡ് മാർട്ടിൻ ആലോചിക്കുന്നത്. കൂടാതെ ഇന്ത്യൻ വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന 12 സി-130 ജെ വിമാനങ്ങൾ പരിഷ്കരിക്കുന്നതും ലോക്ക്ഹീഡ് മാർട്ടിന്‍റെ പദ്ധതിയിലുണ്ട്.