ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങണ്ട: യുഎസിന്‍റെ തിട്ടൂരം!

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്കു നൽകിയ ഇളവ് നീട്ടില്ലെന്ന് യുഎസ്; അമെരിക്കൻ നിലപാട് ഇന്ത്യക്ക് തിരിച്ചടിയായേക്കും
US says no to Russian oil for India

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

Updated on

വാഷിങ്ടൺ: റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് അമെരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്. അമെരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടത്തിന്‍റെ പിന്മാറ്റം. ഉപരോധ ഇളവിന്‍റെ പ്രധാന ഗുണഭോക്താക്കളായിരുന്ന ഇന്ത്യയെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.

"റഷ്യൻ എണ്ണയ്ക്കും ഇറാന്‍റെ എണ്ണയ്ക്കും നൽകിയിരുന്ന ജനറൽ ലൈസൻസ് ഞങ്ങൾ പുതുക്കില്ല. മാർച്ച് 11-ന് മുൻപ് കപ്പലുകളിൽ കയറ്റിയ എണ്ണയ്ക്ക് മാത്രമായിരുന്നു ഈ ഇളവ് ബാധകമായിരുന്നത്. ആ കാലാവധി ഇപ്പോൾ അവസാനിച്ചിരിക്കുന്നു," സ്കോട്ട് ബെസന്‍റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച് 12-നാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യൻ റിഫൈനറികൾക്ക് അമെരിക്ക 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ചത്. ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നത് തടയാനായിരുന്നു ഈ നീക്കം. ഫെബ്രുവരിയിൽ അമെരിക്കയും ഇസ്രയേലും ഇറാനിൽ ആക്രമണം തുടങ്ങിയതോടെ, ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയിരുന്നു. ഇത് നിയന്ത്രിക്കാനാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ വാഷിങ്ടൺ അനുമതി നൽകിയത്.

റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 11-ന് അവസാനിച്ചു. ഇറാന്‍റെ എണ്ണ വാങ്ങാനുള്ള ഇളവ് ഏപ്രിൽ 19-ന് അവസാനിക്കും. ഇളവ് നീട്ടിക്കിട്ടാൻ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ അമെരിക്കയ്ക്കു മേൽ സമ്മർദം ചെലുത്തിയിരുന്നെങ്കിലും വാഷിങ്ടൺ അത് വകവച്ചില്ല.

റഷ്യയ്ക്ക് ഇളവ് നൽകുന്നതിനെതിരേ അമെരിക്കയിലെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തിയിരുന്നു. "റഷ്യൻ ഉപരോധത്തിൽ ഇളവ് നൽകുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. ട്രംപിന്‍റെ ഈ തീരുമാനം റഷ്യൻ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ കോടിക്കണക്കിന് ഡോളർ അധികമായി നൽകുന്നതിനു തുല്യമാണ്," എന്ന് അമെരിക്കൻ സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ പറഞ്ഞു. മൈനോറിറ്റി ലീഡർ ചക് ഷൂമർ ഉൾപ്പെടെയുള്ള പ്രമുഖ സെനറ്റർമാരും ഈ നയത്തെ 'അപകടകരം' എന്ന് വിശേഷിപ്പിച്ചു.

റഷ്യ തങ്ങളുടെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വെട്ടിക്കുറയ്ക്കലുകൾ റദ്ദാക്കിയത് അമെരിക്ക നൽകിയ ഈ ഇളവുകൾ അവർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിന്‍റെ തെളിവാണെന്ന് സെനറ്റർമാർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ റിഫൈനറികൾ റഷ്യൻ കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയിൽ നിന്നുള്ള എണ്ണ വാങ്ങൽ നേരത്തെ കുറച്ചിരുന്നു. എന്നാൽ ഇളവ് നിലവിൽ വന്നതോടെ ഏകദേശം 30 ദശലക്ഷം ബാരൽ എണ്ണയ്ക്കായി ഇന്ത്യ ഓർഡർ നൽകിയിരുന്നതായാണ് റിപ്പോർട്ടുകൾ. അമെരിക്കയുടെ പുതിയ തീരുമാനത്തോടെ ഇന്ത്യൻ കമ്പനികൾ വീണ്ടും പ്രതിസന്ധിയിലാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com