മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ അടക്കം 3 ഇന്ത്യക്കാരെ സുപ്രധാന സ്ഥാനത്തേക്ക് നിയമിച്ച് യുഎസ് റിസർവ് ബാങ്ക്

വർഷങ്ങളായി നിലനിന്നിരുന്ന പണപ്പെരുപ്പത്തിനു ശേഷം പണനയ രൂപീകരണത്തെ പുനർനിർവചിക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കരണ പരിപാടിയുടെ ഭാഗമായാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്
Raghuram Rajan, Raj Chetty, Asha Sharma

രഘുറാം രാജൻ, രാജ് ചെട്ടി, ആശ ശർമ

Updated on

വാഷിങ്ടൺ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജൻ അടക്കം മൂന്നു ഇന്ത്യക്കാരെ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയമിച്ച് യുഎസ് ഫെഡറൽ റിസർവ് ബാങ്ക്. ഇന്ത്യൻ വംശജനായ അമെരിക്കൻ സാമ്പത്തിക വിദഗ്ധൻ രാജ് ചെട്ടി, മൈക്രോസോഫ്റ്റ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ആശ ശർമ എന്നിവരാണ് മറ്റുള്ളവർ. വർഷങ്ങളായി നിലനിന്നിരുന്ന പണപ്പെരുപ്പത്തിനു ശേഷം പണനയ രൂപീകരണത്തെ പുനർനിർവചിക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കരണ പരിപാടിയുടെ ഭാഗമായാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്.

പുതുതായി ചുമതലയേറ്റ യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാഷ് വിദഗ്ധ സമിതികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് രഘുറാം രാജൻ ഉൾപ്പെടെയുള്ളവരുടെ നിയമനം. യുഎസ് ഫെഡറൽ റിസർവിന്‍റെ ഒൻപത് ട്രില്യൺ ഡോളർ വരുന്ന ബാലൻസ് ഷീറ്റിന്‍റെ അവലോകനമാണ് രാജന്‍റെ ചുമതല. ഹാർവാഡ് സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധൻ‌ കാരെൻ ഡയാൻ, മുൻ ഫെഡറൽ റിസർവ് ഗവർണർ ജെർമി സ്റ്റെയ്ൻ എന്നിവരാണ് ബാലൻസ് ഷീറ്റ് അവലോകനത്തിൽ രാജനൊപ്പം ഉണ്ടാവുക.

2013 മുതൽ 2016 വരെയാണ് രഘുറാം രാജൻ ഇന്ത്യയുടെ ഫെഡറൽ ബാങ്ക് ഗവർണർ ആയി സേവനമനുഷ്ഠിച്ചിരുന്നത്. ആർബിഐയിൽ എത്തുന്നതിനു മുൻപ് ഐഎംഎഫിൽ മുഖ്യ സാമ്പത്തിക വിദഗ്ധനും റിസർച്ച് വിഭാഗം മേധാവിയുമായിരുന്നു. ഡാറ്റാ ടാസ്ക് സമിതിയിലാണ് രാജ് ചെട്ടിയുടെ നിയമനം. മുൻ വാൾമാർട്ട് സിഇഒ ഡൗഗ് മാക്മില്ലനും ഷിക്കാഗോ സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധനുമായ കെവിൻ മർഫിക്കും ഒപ്പമായിരിക്കും ചെട്ടിയുടെ പ്രവർത്തനം. വിൻകോൺസിനിൽ ജനിച്ച ഇന്ത്യൻ വംശജയായ ആശ ശർമ ഉത്പാദനക്ഷമതയും തൊഴിലും സംബന്ധിച്ച അവലോകന സമിതിയിലാണ് പ്രവർത്തിക്കുക. സിലിക്കൺ വാലി നിക്ഷേപകൻ മാർക് നിക്ഷേപകനായ ആൻഡേഴ്സൺ, സ്റ്റാൻഫോഡിലെ സാമ്പത്തിക വിദഗ്ധൻ ചാൾസ് ഐ. ജോൺസ് എന്നിവരാണ് ആശയ്ക്കൊപ്പം സമിതിയിൽ ഉണ്ടാവുക.

logo
Metro Vaartha
www.metrovaartha.com