'ഡാർക്ക് പാറ്റേൺ' പ്രയോഗം; സെപ്റ്റോ, ബുക്ക്‌മൈഷോ, ഇൻഡിഗോ ഉൾപ്പെടെ ഒൻപത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് 20 ലക്ഷം രൂപ പിഴ

കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി ബി.എൽ. വർമ്മ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്
Use of 'dark patterns': Nine digital platforms, including Zepto, fined ₹20 lakh.

ഡാർക്ക് പാറ്റേൺ' പ്രയോഗം; സെപ്റ്റോ അടക്കം ഒൻപത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് 20 ലക്ഷം രൂപ പിഴ

Updated on

ന്യൂഡൽഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന 'ഡാർക്ക് പാറ്റേൺ' രീതികൾ ഉപയോഗിച്ചതിന് സെപ്റ്റോ, ബുക്ക്‌മൈഷോ, ഇൻഡിഗോ, ഫിസിക്സ് വാല എന്നിവയുൾപ്പെടെ ഒൻപത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ആകെ 20 ലക്ഷം രൂപ പിഴ ചുമത്തി. കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി ബി.എൽ. വർമ്മ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ സ്വാധീനിച്ച് അവർ ആഗ്രഹിക്കാത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്ന രീതികളെയാണ് 'ഡാർക്ക് പാറ്റേൺ' എന്ന് വിളിക്കുന്നത്. മറച്ചുവച്ച അധിക ചാർജുകൾ, മുൻകൂട്ടി തെരഞ്ഞെടുത്ത ഓപ്ഷനുകൾ, സബ്‌സ്‌ക്രിപ്ഷനിലേക്ക് നിർബന്ധിതമായി നയിക്കുന്ന ക്രമീകരണങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും 2023ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡാർക്ക് പാറ്റേൺ മാർഗനിർദേശങ്ങൾക്കും വിരുദ്ധമാണെന്ന് സിസിപിഎ വ്യക്തമാക്കി.

സെപ്റ്റോയ്ക്കാണ് ഏറ്റവും കൂടുതൽ പിഴ. ഏഴ് ലക്ഷം രൂപയാണ് സെപ്റ്റോയ്ക്ക് പിഴ ചുമത്തിയത്. ഉൽപന്നം തെരഞ്ഞെടുക്കുമ്പോൾ കാണിക്കുന്ന വിലയിൽ പിന്നീട് ചെക്ക്ഔട്ട് ഘട്ടത്തിൽ ഹാൻഡ്ലിങ് ചാർജും മെമ്പർഷിപ്പ് ഫീസും ചേർക്കുന്നതാണ് കമ്പനിക്കെതിരായ പ്രധാന കണ്ടെത്തൽ. സിസിപിഎയുടെ ഇടപെടലിനെ തുടർന്ന് കമ്പനി ഈ രീതി അവസാനിപ്പിച്ചതായും സർക്കാർ അറിയിച്ചു.

ബുക്ക്‌മൈഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'ബുക്ക് എ സ്മൈൽ' പദ്ധതിയിലേക്കുള്ള ഒരു രൂപയുടെ സംഭാവന മുൻകൂട്ടി ടിക്ക് ചെയ്ത നിലയിലായിരുന്നതും ഉപഭോക്താവിന്‍റെ വ്യക്തമായ സമ്മതമില്ലാതെ സംഭാവന ഉൾപ്പെടുത്താൻ ശ്രമിച്ചതുമാണ് നടപടിക്ക് കാരണം. സിസിപിഎയുടെ നിർദേശത്തെ തുടർന്ന് കമ്പനി ഈ സംവിധാനം പിൻവലിച്ചു.

ഇൻഡിഗോയുടെ ബുക്കിങ് പ്ലാറ്റ്‌ഫോമിൽ യാത്രാ ഇൻഷുറൻസ് നിരസിക്കുന്നവർക്ക് "നോ, ഐ വിൽ ടേക്ക് റിസ്ക്" എന്ന സന്ദേശം പ്രദർശിപ്പിച്ചിരുന്നതും ഉപഭോക്താവിൽ അനാവശ്യ മാനസിക സമ്മർദം സൃഷ്ടിക്കുന്ന രീതിയാണെന്ന് ഇതെന്നും അതോറിറ്റി കണ്ടെത്തി. അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന് ഇത് നിഷ്പക്ഷ സന്ദേശമായി മാറ്റി.

ഫിസിക്സ് വാലയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. കോഴ്സ് രജിസ്ട്രേഷനിൽ പത്ത് രൂപയുടെ സംഭാവന മുൻകൂട്ടി തെരഞ്ഞെടുക്കുകയും സൗജന്യ കോഴ്സുകൾക്കുപോലും വ്യക്തിഗത വിവരങ്ങൾ നിർബന്ധമായി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് നടപടിക്ക് കാരണം.

ഫസ്റ്റ്ക്രൈ, ഫാർമഈസി, മക്അഫി, സ്പൈസ്‌ജെറ്റ്, അനൂജ് ജിൻഡാൽ എന്നിവർക്കും ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ പിഴ ചുമത്തി. മറച്ചുവച്ച അധിക ചാർജുകൾ, തെറ്റിദ്ധരിപ്പിക്കുന്ന കൗണ്ട്ഡൗൺ ടൈമറുകൾ, സബ്‌സ്‌ക്രിപ്ഷൻ പുതുക്കാൻ ഉപഭോക്താക്കളെ സമ്മർദത്തിലാക്കുന്ന രീതികൾ എന്നിവയാണ് ഈ സ്ഥാപനങ്ങൾക്കെതിരായ പ്രധാന കണ്ടെത്തലുകൾ.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കൾക്ക് വ്യക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും ഡാർക്ക് പാറ്റേണുകൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ഭാവിയിലും കർശന നടപടി തുടരുമെന്നും സിസിപിഎ മുന്നറിയിപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com