പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗം; സിആർപിഎഫ് അന്വേഷണം ഊർജിതമാക്കി

പെല്ലറ്റ് ഗൺ പ്രയോഗിച്ച റാപിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞതായി സിആർപിഎഫ് അറിയിച്ചു
A student injured by a pellet gun during the protests in Delhi, with Leader of the Opposition Rahul Gandhi (File photo).

ഡൽഹിയിലെ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരുക്കേറ്റ വിദ്യാർഥി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കൊപ്പം (‍ഫയൽ ചിത്രം)

Updated on

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ വിദ്യാർഥി സമരത്തിനിടെ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണത്തിൽ നിർണായക വഴിത്തിരിവ്. പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗിച്ച റാപിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞതായി സിആർപിഎഫ് അറിയിച്ചു. സംഭവത്തിൽ സിആർപിഎഫ് നടത്തുന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്ത ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് വിവരം.

ജൂലൈ 20ന് ഡൽഹിയിൽ നടന്ന വൻ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും ആരോപണമുയർന്നു. ഇതേ തുടർന്നാണ് സിആർപിഎഫ് അന്വേഷണസംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിൽ, കൊണോട്ട് പ്ലേസ് മേഖലയിൽ വിന്യസിച്ചിരുന്ന ഒരു ആർഎഎഫ് ഉദ്യോഗസ്ഥൻ ഏഴ് റൗണ്ട് പെല്ലറ്റ് വെടിയുതിർത്തെന്നാണ് കണ്ടെത്തിയത്. ഇതിൽ അഞ്ച് വെടിയുണ്ടകൾ പ്രതിഷേധക്കാരിൽ പതിച്ചെന്നും സിആർപിഎഫ് വ്യക്തമാക്കി. പെല്ലറ്റ് ഗൺ പ്രയോഗിക്കേണ്ട സാഹചര്യം എന്തായിരുന്നു, ഏത് സ്ഥലങ്ങളിലാണ് അത് ഉപയോഗിച്ചതെന്ന് ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

ആർഎഎഫ് ഉപയോഗിക്കുന്ന ജനക്കൂട്ട നിയന്ത്രണ ഉപകരണങ്ങളുടെ ഭാഗമാണ് പെല്ലറ്റ് ഗണും ഇലക്ട്രിക് ഷോക്ക് ബാറ്റണുകളും. എന്നാൽ ഇവ ഉപയോഗിച്ച രീതി നിയമാനുസൃതമായിരുന്നോ, നിശ്ചിത മാർഗനിർദേശങ്ങൾ പാലിച്ചിരുന്നോയെന്നതാണ് അന്വേഷണത്തിന്‍റെ പ്രധാന വിഷയം. പ്രതിഷേധം അവസാനിച്ച് ജനക്കൂട്ടം പിരിഞ്ഞ സാഹചര്യത്തിൽ എല്ലാ പ്രധാന ഓപ്പറേഷനുകൾക്കും ശേഷം നടത്താറുള്ളതുപോലെയുള്ള വിലയിരുത്തലാണ് ഇപ്പോൾ നടക്കുന്നതെന്ന് സിആർപിഎഫ് ഡയറക്റ്റർ ജനറൽ ജ്ഞാനേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ സേനയുടെ ഔദ്യോഗിക നിലപാട് അറിയിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു. പ്രതിഷേധക്കാർക്കെതിരേ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നോയെന്ന് രാഹുൽ ചോദിച്ചിരുന്നു. സംഭവം വിവാദമായതോടെ ആർഎഎഫ് ഡൽഹിയിലെ സേനാ വിന്യാസങ്ങളിൽ പെല്ലറ്റ് ഗണുകളും ഇലക്ട്രിക് ഷോക്ക് ആയുധങ്ങളും തൽക്കാലം ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com