

യുവാവിന്‍റെ വയറ്റിൽ ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളും; അപൂർവ അവസ്ഥയെന്ന് ഡോക്റ്റർമാർ
ന്യൂഡൽഹി: ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളുമുള്ള പുരുഷനെ ചികിത്സയ്ക്ക് വിധേയനാക്കി ഡോക്റ്റർമാർ. ഡൽഹിയിലെ രജോറി ഗാർഡനിലുള്ള ആർജി ആശുപത്രിയിലാണ് അത്യപൂർവ ശാരീരികാവസ്ഥയിലുള്ള 26കാരൻ ചികിത്സയ്ക്കായി എത്തിയത്. കാഴ്ചയിലും ക്രോമസോമുകളിലും പുരുഷനാണെങ്കിലും ഉള്ളിൽ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളായ ഗർഭപാത്രം ഫാലോപിയൻ ട്യൂബുകൾ എന്നിവ ഉണ്ടാകുന്ന പേഴ്സിസ്റ്റന്‍റ് മള്ളീരിയൻ ഡക്റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന അവസ്ഥയാണിത്. വൈദ്യ ശാസ്ത്രത്തിന്‍റെ ചരിത്രത്തിൽ തന്നെ 300ൽ താഴെ ആളുകൾക്കു മാത്രമേ ഈ അവസ്ഥ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുള്ളൂ.
വന്ധ്യതാ ചികിത്സയ്ക്കായാണ് യുവാവ് ആശുപത്രിയിലെത്തിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് അപൂർവ ശാരീരിക അവസ്ഥ കണ്ടെത്തിയത്. വളരെ ചെറുതും പൂർണ വളർച്ച പ്രാപിക്കാത്തതുമായ ഗർഭപാത്രമാണ് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളും നീക്കം ചെയ്തു. യുവാവിന്‍റെ ശരീരത്തിൽ ക്യാൻസർ കോശങ്ങളുണ്ടോയെന്നതിൽ പരിശോധന തുടരുകയാണ്. ഇയാളുടെ ജനിതകാവയവത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സാധാരണയായി കുട്ടിക്കാലത്തു തന്നെ ഈ അവസ്ഥ കണ്ടെത്താറുണ്ടെന്ന് ഡോക്റ്റർമാർ പറയുന്നു. ജനിക അവയങ്ങളിൽ ഉണ്ടാകുന്ന വളർച്ച ക്കുറവ് ചെറുപ്പകാലത്തേ ശ്രദ്ധിക്കപ്പെടും. മുതിർന്ന ശേഷം ഈ അവസ്ഥ കണ്ടെത്തുന്നത് അപൂർവമായാണ്.