
മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് തെരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ
ഉത്തരകാശി: ഉത്തരകാശിയിലുണ്ടായ മേഘ വിസ്ഫോടനത്തിനു പിന്നാലെ മണ്ണിടിച്ചിലിൽ രണ്ടു പേർ മരിച്ചതായി റിപ്പോർട്ട്. 7 പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് യമുനോത്രി ദേശീയ പാതയ്ക്കു സമീപത്തായി മണ്ണിടിച്ചിൽ ഉണ്ടായത്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കെട്ടിട നിർമാണത്തിനായെത്തിയ നേപ്പാൾ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മണ്ണിടിച്ചിലിൽ ഇവർ താമസിച്ചിരുന്ന ക്യാംപ് തകരുകയായിരുന്നു. ആകെ 29 പേരാണ് ക്യാംപിൽ ഉണ്ടായിരുന്നത്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ രക്ഷാദൗത്യത്തിൽ സജീവമാണ്. മണ്ണിടിച്ചിൽ മൂലം ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. യമുനോത്രി തീർഥാടകരോട് യാത്ര താത്കാലികമായി അവസാനിപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാൻ മണിക്കൂറുകൾ വേണ്ടി വന്നേക്കും.
ചാർധം യാത്ര തീർഥാടനവും കനത്ത മഴയെത്തുടർന്ന് താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ ഉത്തരാകാശി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജൂൺ 29,30 തിയതികളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.