അകാലത്തിൽ പാണ്ഡ്യന്‍റെ രാഷ്ട്രീയ അസ്തമയം

പട്നായിക്ക് ഭരണത്തിന് ഒഡീശയിൽ തിരശീല വീഴുമ്പോൾ അകാലത്തിൽ അസ്തമിക്കും പോലെ പാണ്ഡ്യൻ സജീവരാഷ്ട്രീയം എന്നെന്നേക്കുമായി വഴിയിൽ ഉപേക്ഷിച്ചിരിക്കുന്നു.
വി.കെ. പാണ്ഡ്യൻ നവീൻ പട്നായിക്കിനൊപ്പം
വി.കെ. പാണ്ഡ്യൻ നവീൻ പട്നായിക്കിനൊപ്പം

ഭുവനേശ്വർ: ഒഡീശയിലെ തെരഞ്ഞെടുപ്പു കാലം മുഴുവൻ നിറഞ്ഞു നിന്ന പേരായിരുന്നു വി. കാർത്തികേയൻ പാണ്ഡ്യൻ. സിവിൽ സർവീസ് പാതിയിൽ നിർത്തി ബിജെഡിയിൽ ചേർന്ന നവീൻ പട്നായിക്കിന്‍റെ വിശ്വസ്തൻ. തമിഴ്നാട്ടുകാരൻ എന്നെടുത്തു പറഞ്ഞ് അമിത് ഷാ അടക്കമുള്ളവർ പ്രചാരണകാലത്തുടനീളം പാണ്ഡ്യനെ അമ്പിൻ മുനയിൽ നിർത്തി. ഒടുവിൽ 24 വർഷം നീണ്ടു നിന്ന പട്നായിക്ക് ഭരണത്തിന് ഒഡീശയിൽ തിരശീല വീഴുമ്പോൾ അകാലത്തിൽ അസ്തമിക്കും പോലെ പാണ്ഡ്യൻ സജീവരാഷ്ട്രീയം എന്നെന്നേക്കുമായി വഴിയിൽ ഉപേക്ഷിച്ചിരിക്കുന്നു.

പാണ്ഡ്യൻ അറിയാതെ ബിജെഡിയിൽ ഒരു ഇല പോലും അനങ്ങാറില്ല. അതു തന്നെയാണ് പാണ്ഡ്യനെതിരേ ബിജെപി ആയുധമാക്കിയതും. തമിഴ്നാട്ടുകാരനായ പാണ്ഡ്യൻ പുറകിൽ നിന്ന് ഒഡീശ ഭരിക്കുന്നത് അംഗീകരിക്കാനാകുമോ എന്ന ചോദ്യം ബിജെപി പ്രചാരണവേദികളിൽ ഒളിയും മറയുമില്ലാതെ മുഴങ്ങി. ഒഡിയ അസ്മിത ( ഒഡിയയുടെ സ്വാഭിമാനം) എന്ന പദത്തിലൂന്നിയ ബിജെപിയുടെ പ്രചാരണം ഒടുവിൽ ഫലം കണ്ടു. ഭരണ വിരുദ്ധ വികാരത്തിനൊപ്പം പാണ്ഡ്യനെതിരായ ആരോപണങ്ങളും ബിജെഡിയുടെ തകർച്ചയുടെ ആക്കം കൂട്ടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

തമിഴ്നാട് സ്വദേശിയായ പാണ്ഡ്യൻ 2000 ത്തിൽ ഒഡിയ കേഡറിലെ ഐഎഎസ് ഓഫിസറായാണ് രാഷ്ട്രസേവനത്തിന് തുടക്കമിട്ടത്. 2011ൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായെത്തിയതോടെ പാണ്ഡ്യന്‍റെ തലവര മാറി. കുറഞ്ഞ നാളുകൾ കൊണ്ട് പാണ്ഡ്യൻ പട്നായിക്കിന്‍റെ വിശ്വസ്തനായി മാറി. ഒഡീശയിലുട നീളം സഞ്ചരിച്ച് പാണ്ഡ്യൻ പ്രവർത്തനം വ്യാപിപ്പിച്ചതോടെ പ്രതിപക്ഷം എതിർപ്പ് പ്രകടമാക്കി. 2014,2019 പൊതു തെരഞ്ഞെടുപ്പുകളിൽ പട്നായിക്കിന്‍റെ തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടി പാണ്ഡ്യൻ ഒപ്പമുണ്ടായിരുന്നു. പാണ്ഡ്യൻ പ്രത്യേക അധികാരങ്ങൾ കൈയാളുന്നുവന്ന് ബിജെപിയും കോൺഗ്രസും ആരോപണം ഉന്നയിച്ചു തുടങ്ങിയത് അക്കാലത്തായിരുന്നു. അതോടെ അമ്പതാം വയസ്സിൽ 2023 ഒക്റ്റോബറിൽ സിവിൽ സർവീസിൽ പാണ്ഡ്യൻ വിരമിച്ചു. അധികം വൈകാതെ ബിജെഡിയിൽ ചേർന്നു. അന്നു മുതൽ പട്നായിക്കിന്‍റെ നിഴൽ പോലെ പാണ്ഡ്യനുമുണ്ടായിരുന്നു.

ഇത്തവണ ബിജെഡിയുടെ താര പ്രചാരകരിൽ പ്രധാനിയായിരുന്നു പാണ്ഡ്യൻ. മറ്റു നാൽപ്പത് താരപ്രചാരകർ ഉണ്ടായിരുന്നുവെങ്കിലും പാണ്ഡ്യനും പട്നായിക്കും ഒഴികേ മറ്റാരും സംസ്ഥാനമുട നീളമുള്ള പ്രചാരണങ്ങളിൽ പങ്കാളികളായില്ല. പട്നായിക്ക് അവശനാണെന്നും അദ്ദേഹത്തെ മുൻ നിർത്തി ഭരണം നടത്തുന്നത് പാണ്ഡ്യനാണെന്നും ആരോപണം ഉയർന്നത് അക്കാലത്തായിരുന്നു. ജനങ്ങൾക്കിടയിൽ നേരിയ അതൃപ്തി പടർന്നതോടെ ബിജെപി ആ വിഷയത്തെ ഊതിപ്പെരുപ്പിച്ചു. നരേന്ദ്രമോദിയും അമിത് ഷായും ജെ പി നഡ്ഡയും രാഹുൽ ഗാന്ധിയുമെല്ലാം പാണ്ഡ്യനെ നേരിട്ട് ലക്ഷ്യം വച്ചു. നവീൻ പട്നായിക്ക് പങ്കെടുത്ത യോഗങ്ങളിലെല്ലാം പാണ്ഡ്യനുമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ പട്നായിക്ക് വിജയിച്ചാൽ സർക്കാരിലും പാർട്ടിയിലും പാണ്ഡ്യൻ കൂടുതൽ ശക്തനാകുമെന്നതിൽ സംശയമുണ്ടായിരുന്നില്ല.

പാർട്ടി പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ പുറംനാട്ടുകാരൻ എന്ന ടാഗ് അദ്ദേഹത്തിനു ചാർത്തിക്കിട്ടിയിരുന്നു. ഞാൻ ഇന്ത്യക്കാരനാണ്. ഞാൻ ശ്വസിക്കുന്നത് ഒഡിയയാണ്. എന്‍റെ കുഞ്ഞുങ്ങളുടെ മാതൃഭാഷ ഒഡിയയാണ്. എന്‍റെ കർമഭൂമി ഒഡീശയാണെന്നാണ് ആരോപണങ്ങളുടെ മുനയൊടിച്ചു കൊണ്ട് പാണ്ഡ്യൻ നൽകിയിരുന്ന മറുപടി. നവീൻ പട്നായിക്കിന്‍റെ പിൻഗാമിയാണ് പാണ്ഡ്യൻ എന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ പിൻഗാമിയെ ജനങ്ങൾ തീരുമാനിക്കുമെന്നായിരുന്നു പാണ്ഡ്യന്‍റെ മറുപടി.

കഴിഞ്ഞ മാർച്ച് വരെയും ബിജെപിയും ബിജെഡിയും തമ്മിലുള്ള സഖ്യ ചർച്ചകൾ ശക്തമായിരുന്നു. അന്ന് ബിജെഡിക്കു വേണ്ടി നിരവധി തവ‍ണ പാണ്ഡ്യൻ ഡൽഹിയിലേക്ക് യാത്രകൾ നടത്തി. നിരവധി ചർച്ചകളിൽ പങ്കാളിയായി. പക്ഷേ ചർച്ചകൾ എല്ലാം അസ്ഥാനത്തായതോടെ ബിജെപി പാണ്ഡ്യനെ നേർക്കു നേർ ആക്രമിച്ചു തുടങ്ങി. 2000ത്തിനു ശേഷം നവീൻ പട്നായിക് ഒരു തെരഞ്ഞെടുപ്പിൽ പോലും പരാജയം നേരിട്ടിരുന്നില്ല. അതു കൊണ്ട് തന്നെ പരാജയപ്പട്ടാൽ അതു പാണ്ഡ്യന്‍റെ മാത്രം ഉത്തരവാദിത്തമായി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകകർ മുൻപേ വിലയിരുത്തിയിരുന്നു. ലോക്സഭയിലും നിയമസഭയിലും ബിജെഡി തകർന്നു തരിപ്പണമായതോടെ പാണ്ഡ്യന്‍റെ രാഷ്ട്രീയ ജീവിതവും അസ്തമിച്ചിരിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com