

ഝാർഖണ്ഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 13 പേർ മരിച്ചു
റാഞ്ചി: ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ അതിവേഗത്തിലെത്തിയ എസ്‌യുവി മുന്നിലുണ്ടായിരുന്ന വാഹനത്തിലിടിച്ച് 13 പേർ മരിച്ചു. റാഞ്ചി–പട്‌ന ദേശീയപാതയിൽ കുജു മേഖലയിലെ പൈങ്കി ഗ്രാമത്തിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം.
ബിഹാറിലെ നളന്ദ സ്വദേശികളാണ് മരിച്ചത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ മുന്നിലുണ്ടായിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിൽ ആകെ 14 പേരുണ്ടായിരുന്നുവെന്ന് രാംഗഡ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അലോക് രഞ്ജൻ പറഞ്ഞു.
അപകടത്തിൽപ്പെട്ടവരെ രാംഗഡ് സദർ ആശുപത്രിയിലെത്തിച്ചെങ്കിലും 13 പേർ മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റും. അപകടത്തിന്‍റെകൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.