"മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്തു ചെയ്യുന്നതു ശരിയല്ല"; സുപ്രീം കോടതിക്കെതിരേ ഗവര്‍ണര്‍

നിയമനിർമാണ സഭകളെ, ഓരോരുത്തരുടെയും ചുമതലകളെ കോടതികൾ ബഹുമാനിക്കണം
Vice chancellor appointment case   Governor Arlekar against supreme court

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

file image

Updated on

തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർമാരെ ഞങ്ങൾ നിയമിക്കും എന്ന സുപ്രീം കോടതി പരാമർശത്തിനെതിരേ പരസ്യമായ രൂക്ഷ വിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് വി. സദാശിവത്തിന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു വിമർശനം. "ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ല. അത്തരം സംഭവങ്ങൾ ഈയിടെ ഉണ്ടായി.

നിയമനിർമാണ സഭകളെ, ഓരോരുത്തരുടെയും ചുമതലകളെ കോടതികൾ ബഹുമാനിക്കണം. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാടുകൾ കോടതികൾക്ക് എങ്ങനെ വരുന്നു എന്നതാണു പ്രശ്നം. എന്തിനാണ് സെർച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്? അതിനുള്ള അധികാരം ചാൻസലർക്കാണ്. മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്തു ചെയ്യുന്നതു ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്കു പറയാം. നിങ്ങളുടെ ജോലിയും ഞങ്ങൾ ചെയ്‌തോളാം എന്നു പറയരുത്. നാളെ തെരഞ്ഞെടുപ്പു കമ്മിഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാം''- ഗവർണർ ചൂണ്ടിക്കാട്ടി.

വൈസ് ചാൻസലർമാരെ നിയമിക്കാൻ ചാൻസലർക്കാണ് അധികാരം. എന്തിനാണ് സെർച്ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്? അതിനുള്ള അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി നിയമന കേസിലെ സുപ്രീം കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. കോടതി ഇപ്പോൾ ഇത് പരിഗണിക്കാത്തതു ശരിയല്ല. ""യതോ ധർമ സ്തതോ ജയഃ''. അതായത്, എവിടെ ധർമമുണ്ടോ അവിടെ വിജയമുണ്ട്. അതാവണം കോടതി. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്- അദ്ദേഹം പറഞ്ഞു.

സർക്കാരും ചാൻസലറായ ഗവർണറും സമവായത്തിലെത്താത്ത സാഹചര്യത്തിൽ കേരളത്തിലെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനം തങ്ങൾ നടത്തുമെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു ഗവർണർ സുപ്രീം കോടതിക്കെതിരേ പരസ്യമായി രംഗത്തെത്തിയത്.

50,000 രൂപയും ജസ്റ്റിസ് കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയ ലോ ട്രസ്റ്റിന്‍റെ 11ാമത് പുരസ്കാരം ഹോട്ടൽ ഹിൽട്ടൻ ഗാർഡനിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി. സദാശിവത്തിന് ഗവർണർ സമ്മാനിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് അടക്കമുള്ളവർ സംബന്ധിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com