

സി.ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വനം വകുപ്പ് മന്ത്രി ആർ.വി. രഞ്ജിത്ത് കുമാർ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയെ കലൈഞ്ജർ എന്ന വിശേഷണപ്പേര് ചേർക്കാതെ വിളിച്ചതിന്‍റെ പേരിലാണ് വിജയ് ക്ഷമ ചോദിച്ചത്. എം. കരുണാനിധിയെ പരമ്പരാഗതമായി കലൈഞ്ജർ എന്നു ചേർത്താണ് തമിഴ്നാട് നിയമസഭയിൽ പരാമർശിച്ചു വരുന്നത്.
നിലവിലെ സർക്കാർ മറ്റു സർക്കാരുകളെ പോലെ അല്ലെന്നും പണം കൊടുത്തല്ല അധികാരത്തിൽ ഏറിയതെന്നും വനം മന്ത്രി പറഞ്ഞിരുന്നു. തുടർന്ന് മറ്റു രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് എം. കരുണാനിധിയെ മുൻ മുഖ്യമന്ത്രി, കലൈഞ്ജർ എന്നീ വിശേഷണങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് കരുണാനിധി എന്നു പരാമർശിച്ചത്.
ഇതോടെ ഡിഎംകെ എംഎൽഎമാർ പ്രതിഷേധിക്കുകയും സഭയിൽ ബഹളം വയ്ക്കുകയും ചെയ്തു. കെകെഎസ്ആർ രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ഡിഎംകെ പ്രതിഷേധം ശക്തമായതോടെയാണ് വനം മന്ത്രിക്കു വേണ്ടി വിജയ് മാപ്പപേക്ഷിച്ചത്. മുൻ മുഖ്യമന്ത്രിയെ പേരു മാത്രം പറഞ്ഞ് പരാമർശിച്ചത് ഉചിതമായില്ലെന്നും വിജയ് കൂട്ടിച്ചേർത്തു.