

വിജയ് സ്റ്റാലിനൊപ്പം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മുൻ മുഖ്യമന്ത്രി സ്റ്റാലിനെയും, മകൻ ഉദയനിധി സ്റ്റാലിനെയും സന്ദർശിച്ച് വിജയ്. ചെന്നൈയിലെ ആൽവാർപേട്ടിലുള്ള സ്റ്റാലിന്‍റെ വീട്ടിലെത്തിയാണ് വിജയ് കൂടിക്കാഴ്ച നടത്തിയത്. ഹസ്തദാനം നൽകിയും ആലിംഗനം ചെയ്തുമാണ് സ്റ്റാലിൽ വിജയ്‌യെ വീട്ടിലേക്ക് സ്വീകരിച്ചത്. ഇരുവരും പരസ്പരം പൊന്നാടയണിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇരു നേതാക്കളും എന്താണ് സംസാരിച്ചതെന്നതിൽ വ്യക്തതയില്ല.
സത്യപ്രതിജ്ഞയ്ക്കു മുൻപുള്ള ആദ്യ പ്രസംഗത്തിൽ തന്നെ വിജയ് സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 10 ലക്ഷം കോടിയുടെ കടം വരുത്തി ഖജനാവ് കാലിയാക്കിയാണ് പഴയ സർക്കാർ ഭരണം അവസാനിപ്പിച്ചതെന്നാണ് വിജയ് ആരോപിച്ചത്.
എന്നാൽ അത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അഞ്ച് വർഷത്തിനിടെ അസംഖ്യം പദ്ധതികളാണ് ജനങ്ങൾക്കു വേണ്ടി നടപ്പിലാക്കിയതെന്നും കൊവിഡ്, പ്രളയം പോലുള്ള പ്രശ്നങ്ങൾക്കു പുറമേ കേന്ദ്രസർക്കാരിനെ നിരന്തരമായ അവഗണനയും അതിജീവിച്ചു കൊണ്ടാണ് അവയെല്ലാം പൂർത്തിയാക്കിയതെന്നു സ്റ്റാലിൻ പറഞ്ഞു.
സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളെ പരാജയപ്പെടുത്തിക്കൊണ്ടാണ് ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. തമിഴ്നാട്ടിൽ ദീർഘ കാലമായി നീണ്ടു നിന്നിരുന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യമാണ് വിജയ് തകർത്തത്.