

വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ലളിതമായ ജീവിതശൈലി കൊണ്ട് ജീവനക്കാരെ അമ്പരപ്പിച്ച് വിജയ്. കൃത്യ സമയം പാലിക്കുന്നതാണ് വിജയുടെ വ്യക്തിമുദ്ര. പറഞ്ഞ സമയത്തിനേക്കാൾ 15 മിനിറ്റ് മുൻപേയെങ്കിലും മുഖ്യമന്ത്രി സ്ഥലത്തെത്തിയിട്ടുണ്ടാകും. അതു പോലെ തന്നെ സാധാരണ സർക്കാർ ജീവനക്കാരെ പോലെ ഉച്ചഭക്ഷണവുമായാണ് വിജയ് ദിവസവും സ്വന്തം ഓഫിസിലെത്തുന്നത്.
സത്യപ്രതിജ്ഞാ ദിനത്തിൽ 10 മണിക്കാണ് ചടങ്ങുകൾ നിശ്ചയിച്ചിരുന്നതെങ്കിലും വിജയ് 8.48 നുള്ളിൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു. തൊട്ടടുത്ത ദിവസം 9.30നാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങു സംഘടിപ്പിച്ചിരുന്നത്. അന്നും 8.45നുള്ളിൽ വിജയ് സെക്രട്ടേറിയറ്റിലെത്തി. മേയ് 13ന് സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിനും 8.55ന് വിജയ് എത്തി. വിശ്വാസ പ്രമേയം അവതരിപ്പിച്ച ദിവത്തിലും 9 മണിക്ക് മുൻപായി വിജയ് എത്തിയിരുന്നു.
വ്യാഴാഴ്ച മുതലാണ് വിജയ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്താൻ തുടങ്ങിയത്. രാവിലെ 9.55ന് അദ്ദേഹം ഓഫിസിലെത്തും. വൈകിട്ട് 4 മണിക്ക് ജീവനക്കാരുമായി ദിവസേനയുള്ള കൂടിക്കാഴ്ചയും നടത്തും. വീട്ടിൽ നിന്ന് തയാറാക്കിയ ഉച്ചഭക്ഷണവുമായി ഓഫിസിലെത്തിയ ശേഷം ഉച്ചയ്ക്ക് ഓഫിസ് മുറിയിൽ വച്ചു തന്നെ കഴിക്കും. എന്തായാലും കുറഞ്ഞ ദിവസങ്ങൾ കൊണ്ടു തന്നെ വിജയ് സഹപ്രവർത്തരകരുടെയും ജീവനക്കാരുടെയും ഉത്തമ മാതൃകയായി മാറി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.