

ആണ്ടവൻ മീതെ ആണയിട്ട് വിജയ്, പേപ്പറിൽ നോക്കാതെ സിനിമ സ്റ്റൈലിൽ സത്യപ്രതിജ്ഞ
ചെന്നൈ: സിനിമയിൽ മാത്രമല്ല സത്യപ്രതിജ്ഞ ചടങ്ങിലും സൂപ്പർസ്റ്റാറായി വിജയ്. സിനിമാ സ്റ്റൈലിലായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ. സിനിമയിലെ പഞ്ച് ഡയലോഗ് പോലെ ആരാധകരെ ഒന്നാകെ ഹരം കൊള്ളിക്കുന്നതായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ.
സി. ജോസഫ് വിജയ് എന്ന ഞാൻ എന്ന് പറഞ്ഞപ്പോൾ വേദി വിസിലും ആർപ്പുവിളികളും കൊണ്ട് മൂടി. കുറച്ചു സെക്കന്‍റുകൾ നിർത്തിയതിന് ശേഷമാണ് വിജയ് തുടർന്നത്. പേപ്പറിൽ നോക്കാതെ തന്‍റെ പ്രവർത്തകരെ നോക്കിയാണ് വിജയ് സത്യവാചകം ചൊല്ലിയത്. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ. രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, നടി തൃഷ, വിജയ്‌യുടെ മാതാപിതാക്കൾ, സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. വിജയ്ക്കൊപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ടിവികെ പാർട്ടിയിൽ നിന്നുള്ളവരാണ് ഇവർ. സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുത്ത ഇവരെ ഓരോരുത്തർക്കും വിജയ് ആശംസകൾ അറിയിച്ചു.