സഭയിൽ സ്റ്റാലിനെ അനുകരിച്ച് മാസ് ആക്ഷനുമായി വിജയ്; ഇനി പാട്ടും ഡാൻസും കാണാമെന്ന് ‌വിമർശനം|Video

എല്ലാം അവസാനിച്ചു, അല്ലെങ്കിൽ എല്ലാം ശരിയാക്കി എന്ന അർഥം വരുന്ന ആംഗ്യമാണ് വിജയ് അനുകരിച്ചത്.

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അനുകരിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിൽ പ്രസംഗിച്ചതിനൊടുവിലാണ് വിജയ് മാസ് ആക്ഷൻ കൊണ്ട് സഭാ സാമാജികരെ കൈയിലെടുത്തത്. ‌നന്ദി പ്രസംഗത്തിന്‍റെ അവസാനം സ്പീക്കർ ജെസിഡി പ്രഭാകറിനോട് പ്രത്യേക അനുമതി ആവശ്യപ്പെട്ടതിനു ശേഷമാണ് വിജയ് സ്റ്റാലിനെ അനുകരിച്ചു കൊണ്ട് കൈ കൊണ്ട് ആംഗ്യം കാണിച്ചത്.

എല്ലാം അവസാനിച്ചു, അല്ലെങ്കിൽ എല്ലാം ശരിയാക്കി എന്ന അർഥം വരുന്ന ആംഗ്യമാണ് വിജയ് അനുകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസുമായി സീറ്റ് ചർച്ച നടത്തി തിരിച്ചു പോകുമ്പോൾ എം.കെ. സ്റ്റാലിൻ ഇതേ ആംഗ്യം കാണിച്ചിരുന്നു. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകളെ കുറിച്ച് ചോദിച്ചപ്പോഴാണ് സ്റ്റാലിൻ കൈ കൊണ്ട് ആംഗ്യം കാണിച്ചത്.

എന്നാൽ ടിവികെ നിയമസഭയെ സിനിമാ തിയെറ്ററാക്കി മാറ്റിയിരിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിൽ ആരോപിച്ചു. അവരിപ്പോൾ സഭയിലിരുന്ന് ചൂളം വിളിക്കാൻ ആരംഭിച്ചിരിക്കുന്നു. ഇനി വൈകാതെ മന്ത്രിമാർ പാട്ടു പാടി നൃത്തം ചെയ്യുമെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം റീൽസിനെയും സോഷ്യൽമീഡിയയെയും മാത്രം ലക്ഷ്യമിട്ടാണ്.

മുൻകൂട്ടി തയാറാക്കിയതും കൃത്രിമവുമാണ് അദ്ദേഹത്തിന്‍റെ പ്രസംഗം. അദ്ദേഹം അഭിനയം ആരംഭിച്ചു കഴിഞ്ഞാൽ സ്പീക്കർ ആണ് ആക്ഷനും കട്ടും പറയുന്നത്. കുറച്ചു കഴിയുമ്പോൾ അവർ വൺസ് മോർ ടേക് കൂടി നടപ്പിലാക്കുമെന്നും ഉദയനിധി പരിഹസിച്ചു. ഇപ്പോൾ അഭിനയിക്കാൻ വേണ്ടി അദ്ദേഹം സ്പീക്കറുടെ അനുവാദം ആവശ്യപ്പെട്ടു. അടുത്തതായി കാരവനും മേക്കപ്പ് ആർട്ടിസ്റ്റിനെയും സ്റ്റണ്ട് മാസ്റ്ററെയും ആവശ്യപ്പെടും. അവരെല്ലാം കൂടി നിയമസഭയെ ഷൂട്ടിങ് സ്ഥലമാക്കി മാറ്റുമെന്നും ഉദയനിധി ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com