
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശൈത്യതരംഗം ശക്തമാകുന്നു. ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായതിനെത്തുടർന്ന് 100 വിമാനങ്ങൾ വൈകി സർവീസ് നടത്തുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളോളം ഉത്തരേന്ത്യയിൽ ശൈത്യതരംഗം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഡൽഹിയിൽ വെള്ളി , ശനി ദിവസങ്ങളിൽ പുകമഞ്ഞ് അതി രൂക്ഷമാകുമെന്നും പ്രവചിച്ചിട്ടുണ്ട്.
നിലവിൽ 8.5 ഡിഗ്രീ സെൽഷ്യസ് ആണ് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില. 20 ഡിഗ്രീ സെൽഷ്യസ് വരെയാണ് കൂടിയ താപനില. ജനുവരി 9 വരെ തലസ്ഥാനത്ത് നേരിയ മഴ പെയ്യാനും സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുകമഞ്ഞ് കടുത്തതോടെ ട്രെയിൻ സർവീസിന്‍റെയും താളം തെറ്റിയേക്കും. ലഖ്നൗ, ബംഗളൂരു, അമൃത്സർ, ഗ്വാഹട്ടി എന്നിവിടങ്ങളിലും പുകമഞ്ഞ് രൂക്ഷമാണ്.
കാലാവസ്ഥ മോശമായതിനാൽ നോയിഡയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.