ബജറ്റ് അവതരണത്തിന് ശേഷം നിർമല യുവജനങ്ങളുമായി സംവദിക്കും

ആശയ വിനിമയത്തിന് 30 വിദ്യാർഥികൾക്ക് അവസരം
Union Minister of Finance and Corporate Affairs Nirmala Sitharaman

കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ

file photo

Updated on

ന്യൂഡൽഹി: ഇന്ന് 2026-27ലെ കേന്ദ്ര ബജറ്റ് അവതരണത്തിനു ശേഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30ഓളം കോളെജ് വിദ്യാർഥികളുമായി കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ സംവദിക്കും. ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്നത്.

ഈ വിദ്യാർഥികൾക്ക് ലോക്സഭാ ഗാലറിയിൽ ഇരുന്ന് കേന്ദ്ര ബജറ്റിന്‍റെ തത്സമയ അവതരണത്തിന് സാക്ഷ്യം വഹിക്കാം. വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാർലമെന്‍ററി നടപടിക്രമങ്ങളിലൊന്ന് നേരിട്ടു കാണാനുള്ള അവസരമാണ് ഇതിലൂടെ അവർക്കു ലഭിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൊമേഴ്‌സ്, എക്കണോമിക്‌സ്, മെഡിക്കൽ, വൊക്കേഷണൽ കോഴ്‌സുകൾ തുടങ്ങിയ വൈവിധ്യമാർന്ന അക്കാദമിക് മേഖലകളിൽ നിന്നുള്ള വിദ്യാർഥികളാണിവർ. കർത്തവ്യ ഭവൻ-1ലെ ധന മന്ത്രാലയം സന്ദർശിച്ച് മന്ത്രാലയത്തിന്‍റെ പ്രവർത്തനം, നയരൂപീകരണ പ്രക്രിയകൾ, രാഷ്‌‌ട്ര നിർമാണത്തിൽ വിവിധ സ്ഥാപനങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ച് മനസിലാക്കാൻ അവർ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും.

വൈകിട്ടാണ് മന്ത്രി നിർമല സീതാരാമൻ ഇവരുമായി കൂടിക്കാഴ്ച നടത്തുക. ബജറ്റിലെ പ്രധാന മുൻഗണനകൾ, ഇന്ത്യയുടെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകൾ, യുവാക്കളിൽ ഇത് ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ച് സ്വതന്ത്ര ചർച്ചയുണ്ടാകും. വിദ്യാർഥികൾ തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കുകയും യുവജനങ്ങളേയും രാജ്യത്തേയും സംബന്ധിച്ച കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്യും.

ധനകാര്യം, സാമ്പത്തിക ശാസ്ത്രം, ഭരണ നിർവഹണം, ജനാധിപത്യ പ്രക്രിയകൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ കൂടുതൽ അവബോധം വളർത്താനും സാമ്പത്തിക, പാർലമെന്‍ററി നടപടിക്രമങ്ങളിൽ യുവജനങ്ങളുടെ ക്രിയാത്മക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ബജറ്റ് തയാറാക്കുന്ന ഘട്ടത്തിൽ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ യുവജനങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാരിൽ നിന്ന് നിരവധി നിർദേശങ്ങൾ തേടിയിരുന്നു. അവ ഇന്നത്തെ ബജറ്റിൽ പ്രതിഫലിക്കുമെന്നാണു സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com