വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു; ആരോഗ്യം വീണ്ടെടുക്കൂവെന്ന് മോദി, പ്രതിഷേധം തുടരുമെന്ന് സിജെപി

രാജ്യത്ത് അക്രമത്തിന് സാധ്യതയുള്ളതിനാൽ നിരവധി വ്യവസ്ഥകളോടെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
Wangchuk ends hunger strike

സോനം വാങ്ചുക്ക്

Updated on

ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ചിരുന്ന സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ട നിരാഹാരമാണ കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വാങ്ചുക്ക് വ്യാഴാഴ്ച പാതിരാത്രിയിലാണ് നിരാഹാരം അവസാനിപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം എക്സിൽ കുറിപ്പും പങ്കു വച്ചിട്ടുണ്ട്. സോനം വാങ്ചുക്കിന്‍റെ ആരോഗ്യത്തിനു വേണ്ടി പ്രാർഥിക്കുന്നുവെന്നും ഡോക്റ്റർമാരുടെ ഉപദേശങ്ങൾ സ്വീകരിച്ച് പരമാവധി വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവർക്കെതിരേയും പാർലമെന്‍റ് മാർച്ചിൽ പങ്കെടുത്തവർക്കെതിരേയും കേസെടുക്കാതിരിക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്ന് നഡ്ഡ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്‍റിൽ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 65 എംപിമാർ തന്നെ വന്നു കണ്ടുവെന്നും നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും വാങ്ചുക്ക് പറയുന്നു. രാജ്യത്ത് അക്രമത്തിന് സാധ്യതയുള്ളതിനാൽ നിരവധി വ്യവസ്ഥകളോടെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വ്യവസ്ഥകളെക്കുറിച്ച് മറ്റൊരു വിഡിയോയിൽ വിശദമായി പറയുമെന്നും വാങ്ചുക്ക് വ്യക്തമാക്കി.

അതേ സമയം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹത്തോട് ഏറെ നന്ദിയുണ്ടെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കേ വ്യക്തമാക്കി. താങ്കളുടെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി, നിങ്ങളുടെ ജീവൻ വച്ച് മുഴുവൻ രാജ്യത്തെയും നിങ്ങൾ ഉണർത്തി. നിങ്ങളുടെ ജീവൻ ഈ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദിപ്കേ കുറിച്ചു. ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നതു വരെ സമാധാനപരമായ പ്രതിഷേധത്തിനു തന്നെയാണ് സിജെപി തീരുമാനിച്ചിരിക്കുന്നതെന്നും അഭിജിത് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com