
ദീപാവലി ആഘോഷത്തെ വിമർശിച്ച് അഖിലേഷ് യാദവ്
ലഖ്നൗ: ദീപാവലി ആഘോഷത്തിനായി വൻതോതിൽ പണം ചെലവഴിക്കുന്നുവെന്ന് സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ആഗോളതലത്തിൽ ക്രിസ്മസ് ആഘോഷിക്കുന്നതിൽ നിന്ന് നാം പാഠം ഉൾക്കൊള്ളണം എന്നും യാദവ് പറഞ്ഞു.
ശ്രീരാമന്‍റെ നാമത്തിൽ എനിക്ക് ഒരു നിർദേശമാണ് നൽകാനുള്ളത്. ആഗോളതലത്തിൽ ക്രിസ്മസ് കാലത്ത് നഗരങ്ങളിലെല്ലാം മനോഹരമായ ലൈറ്റുകൾ തെളിയിക്കാറുണ്ട്. അത് മാസങ്ങളോളം തുടരും. അതിൽ നിന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. വിളക്കുകളോ മെഴുകുതിരിയോ കൊളുത്തുന്നതിനായി എന്തിനാണിത്ര പണവും ചിന്തയും ചെലവഴിക്കുന്നത് എന്നാണ് അഖിലേഷ് യാദവ് ചോദിക്കുന്നത്.
ഈ സർക്കാരിൽ നിന്ന് നാം എന്താണ് പ്രതീക്ഷിക്കുന്നത്. ഇതെല്ലാം നീക്കം ചെയ്യണം. കൂടുതൽ ഭംഗിയുള്ള ലൈറ്റുകൾ ഉറപ്പാക്കാൻ നമുക്ക് കഴിയണമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
അയോധ്യയിൽ ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി 26 ലക്ഷം ചെരാതുകൾ തെളിയിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് അഖിലേഷ് വിമർശനവുമായി എത്തിയത്. 26,11,101 വിളക്കുകൾ തെളിയിച്ച് ചരിത്രം സൃഷ്ടിക്കാനാണ് ശ്രമം.
എന്നാൽ അയോധ്യ തിളങ്ങുന്നതിൽ അഖിലേഷിന് പ്രശ്നമുണഅടെന്ന് ബിജെപി മറുപടി നൽകി. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോൾ അയോധ്യ ഇരുട്ടിലായിരുന്നുവെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തെ താഴ്ത്തിക്കെട്ടി വിദേശ സംസ്കാരത്തെ പുകഴ്ത്തുന്നുവെന്ന് വിശ്വഹിന്ദു പരിഷത്തും അഭിപ്രായപ്പെട്ടു.