ഇന്ധനവില കുറയുമോ ? രണ്ടു മാസം കാത്തിരിക്കൂവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഇപ്പോഴും എണ്ണ കമ്പനികള്‍ ഉപയോഗിക്കുന്നതാണ് വില കുറയാത്തതിനു കാരണമായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടുന്നത്
Union Petroleum Minister Hardeep Singh Puri

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

Updated on

ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാരെ വലച്ചിരിക്കുകയാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്. എത്രയും വേഗം ഇന്ധനവില കുറഞ്ഞാല്‍ മതിയെന്നാണ് ബഹുഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്. ഇന്ധനവില എപ്പോള്‍ താഴുമെന്ന കാര്യത്തില്‍ മറുപടിയുമായി വന്നിരിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞെങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഇപ്പോഴും എണ്ണ കമ്പനികള്‍ ഉപയോഗിക്കുന്നതാണ് വില കുറയാത്തതിനു കാരണമായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടുന്നത്. ''രണ്ടു മാസം മുമ്പ് വാങ്ങിയ ക്രൂഡ് ശേഖരമാണ് നമ്മള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. രണ്ടു മൂന്നു മാസത്തിനകം ഇതു കുറഞ്ഞാല്‍ നോക്കാം. പക്ഷേ അതൊരു സാങ്കല്‍പ്പിക സാഹചര്യമാണ്''- പുരി പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷ കാലത്ത് പെട്രോള്‍ വില ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ 20 മുതല്‍ 35 ശതമാനം വരെ ഉയര്‍ന്നെങ്കിലും ഇന്ത്യയില്‍ 5.58 ശതമാനം വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ നാലു മാസം നമ്മുടെ 1,07,000 ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടലോ മറ്റോ ഇല്ലാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും പുരി പറഞ്ഞു.

സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര ജൂലൈ ഒന്നു മുതല്‍ ഇന്ധനവില കുറച്ചിരുന്നു. പെട്രോളിനു അഞ്ചു രൂപയും ഡീസലിനു മൂന്നു രൂപയുമാണ് കുറച്ചത്. അതേസമയം ഇന്ധനവില കുറയ്ക്കുന്ന കാര്യത്തില്‍ പൊതുമേഖല എണ്ണ കമ്പനികള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com