മമത ബാനർജി, ‍ഭഗവന്ത് ബാനർജി
മമത ബാനർജി, ‍ഭഗവന്ത് ബാനർജി

'ഇന്ത്യ' മുന്നണിക്ക് വൻ തിരിച്ചടി; തൃണമൂൽ ബംഗാളിലും എഎപി പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കും

സീറ്റ് വിഭജനത്തിൽ കോൺഗ്രസ് തുടരുന്ന കടുത്ത നിലപാടുകളാണ് ആം ആദ്മി പാർട്ടിയെയും തൃണമൂലിനെയും അകറ്റിയിരിക്കുന്നത്.

കോൽക്കൊത്ത: ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപേ ഇന്ത്യ പ്രതിപക്ഷ മുന്നണിക്ക് വൻ തിരിച്ചടി. സീറ്റ് വിഭജന ചർച്ചകളിൽ വിവാദം കൊഴുക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പാർട്ടിയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയും ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് താൻ നൽകിയ നിർദേശങ്ങൾ കോൺഗ്രസ് പൂർണമായും തള്ളി. അതു കൊണ്ട് തൃണമൂൽ ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രഖ്യാപിച്ചു. മമതയുടെ പ്രഖ്യാപനത്തിനു പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയും എ എ പി നേതാവുമായ ഭഗവന്ത് മന്നും പഞ്ചാബിൽ തങ്ങൾ ഒറ്റയ്ക്കു മത്സരിക്കുമെന്ന് വ്യക്തമാക്കി. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് തുടരുന്ന കടുത്ത നിലപാടുകളാണ് ആം ആദ്മി പാർട്ടിയെയും അകറ്റിയിരിക്കുന്നത്.

2019ലെ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പ്രകടനം കണക്കിലെടുത്ത് ബംഗാളിൽ 2 സീറ്റുകളാണ് മമത ബാനർജി കോൺഗ്രസിന് വാഗ്ദാനം ചെയ്തത്. കോൺഗ്രസ് അതു പൂർണമായും തള്ളി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലേക്ക് എത്താൻ ഒരു ദിവസം ബാക്കി നിൽക്കേയാണ് സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യമില്ലെന്ന് മമത പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് തർക്കം മുറുകയിൽ മമത അതൃപ്തി രേഖപ്പെടുത്തി.

രാജ്യത്തെ 300 സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം. ബാക്കിയുള്ള സീറ്റുകളിൽ രാജ്യത്തെ മറ്റു പ്രാദേശിക പാർട്ടികൾക്കെല്ലാം ഒന്നിച്ച് മത്സരിക്കാം. എന്തു തന്നെയായാലും കോൺഗ്രസിന്‍റെ യാതൊരു വിധത്തിലുള്ള ഇടപെടലുകളും ബംഗാളിൽ അനുവദിക്കില്ലെന്നും മമത പറഞ്ഞു. ബംഗാളിൽ സീറ്റിനു വേണ്ടി യാചിക്കില്ലെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അധിർ രഞ്ജൻ ചൗധരിയും വ്യക്തമാക്കി.