

എം.കെ. സ്റ്റാലിൻ, വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭയിലെത്താനുള്ള ശ്രമം ഉപേക്ഷിക്കാതെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ. വിജയ് മത്സരിച്ചു വിജയിച്ച ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിൽ സ്റ്റാലിൻ വീണ്ടും മത്സരിക്കാൻ സാധ്യത. സ്റ്റാലിൻ നിയമസഭയിൽ ഉണ്ടായിരിക്കണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യം ഉൾക്കൊണ്ടാണ് നീക്കം. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.
വിജയ് കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഉദയനിധി സ്റ്റാലിനെ പരിഹസിക്കുന്ന വിധത്തിൽ ഒരു കുട്ടിക്കഥ പറഞ്ഞതാണ് ഡിഎംകെ പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഒരു കഥയുടെ ഭാഗമെന്ന പോലെ നിങ്ങളുടെ അച്ഛനെവിടെ കാണാനില്ലല്ലോ എന്ന വിജയ്‌യുടെ പരാമർശം വിവാദമായിരുന്നു.
വിജയ് മത്സരിച്ചു വിജയിച്ച ട്രിച്ചിയിൽ സ്റ്റാലിൻ മത്സരിച്ചു തോറ്റാൽ അത് ഡിഎംകെക്ക് കൂടുതൽ നാണക്കേടായി മാറുമെന്ന ഭയവും പ്രവർത്തകർക്ക് ഉണ്ട്. സ്റ്റാലിനെ വൈകാതെ സഭയിൽ കാണാമെന്ന് മുൻ മന്ത്രി കെ.എൻ. നെഹ്റു പൊതുവേദിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്റ്റാലിനോ ഡിഎംകെയോ പ്രതികരിച്ചിട്ടില്ല.