ജാതി സെന്‍സസും സംവരണവും തെരഞ്ഞെടുപ്പും

പിന്നാക്ക ജനവിഭാഗത്തിന്‍റെ ഏറ്റവും സജീവമായ പ്രശ്‌നമായ ജാതി സെന്‍സസ്, സംവരണ ശതമാനം കൂട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് എൽഡിഎഫും യുഡിഎഫും എന്‍ഡിഎയും തയാറായിട്ടുള്ളത്.
Caste census, reservation and elections

ജാതി സെന്‍സസും സംവരണവും തെരഞ്ഞെടുപ്പും

symbolic image

Updated on

അഡ്വ. ജി. സുഗുണന്‍

കേരളത്തിലെ ജനസംഖ്യയില്‍ അനൗദ്യോഗിക കണക്കുകളനുസരിച്ച് ഏതാണ്ട് 85 ശതമാനവും പിന്നാക്ക ജനവിഭാഗങ്ങളാണ്. ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾ അടക്കമാണിത്. പിന്നാക്കക്കാരില്‍ ഏതാണ്ട് 65 ശതമാനവും ഹിന്ദു ജനവിഭാഗത്തിലുള്ളവരുമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങള്‍ കടുത്ത അവഗണനയിലാണ്.

എന്നാല്‍ കടുത്ത അവഗണനയുടെ പടുകുഴിയില്‍ വീണ വിഭാഗമാണ് ഈ സംസ്ഥാനത്തെ പിന്നാക്കക്കാര്‍. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ പൊതുവെ സംഘടിതരായതുകൊണ്ട് ന്യൂനപക്ഷ ധ്വംസനങ്ങളെ ഒരു പരിധിവരെ ചെറുക്കാന്‍ അവർക്കു കഴിയുന്നുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സംഘടിതമായ ശക്തിയും കരുത്തുമുള്ളതു കൊണ്ടു മാത്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി ഇവിടെയില്ലെന്നു മാത്രം.

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പിന്നാക്ക- ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് വ്യാപകമായി ഇപ്പോഴും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും തെരഞ്ഞെടുത്ത അധികാരസ്ഥാനങ്ങളിലും, രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഭാരവാഹിത്വത്തിലുമെല്ലാം ഏതാണ് 65 ശതമാനവും ജനസംഖ്യയില്‍ 15 ശതമാനം മാത്രം വരുന്ന സവര്‍ണ വിഭാഗങ്ങള്‍ ഈ സംസ്ഥാനത്തും കൈയടക്കി വച്ചിരിക്കുയാണ്.

രാജ്യത്തും സംസ്ഥാനത്തും നടപ്പിലാക്കപ്പെട്ട ജാതി സംവരണം മനക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഓരോ ജാതികളുടെയും സംഖ്യ സംസ്ഥാനത്ത് എത്രയെന്നതിന് യാതൊരു രേഖയും ഇന്നില്ല. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം പ്രബല സവര്‍ണ സമുദായമായ നായര്‍ വിഭാഗം കേരളത്തില്‍ 9 ശതമാനം മാത്രമാണ്. ക്രിസ്ത്യന്‍ വിഭാഗത്തിലെ മുന്നാക്കക്കാരായ കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്‌സ് അടക്കമുള്ള വിഭാഗങ്ങള്‍ വെറും 6 ശതമാനം മാത്രം. പക്ഷെ ഇക്കൂട്ടര്‍ എല്ലാ മേഖലയിലെയും ബഹുഭൂരിപക്ഷം സ്ഥാനങ്ങളും കൈയടക്കി വച്ചിരിക്കുന്നു.

എന്തായാലും ജാതി സെന്‍സസ് നടത്താതെ സാമുദായികമായ വിവരങ്ങള്‍ ലഭ്യമാക്കുക അപ്രാപ്യമാണ്. അതുകൊണ്ടാണ് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം വ്യാപകമായി രാജ്യത്ത് ഉയര്‍ന്നിരിക്കുന്നത്. അരഡസനോളം സംസ്ഥാനങ്ങള്‍ ഇതിനകം ജാതി സെന്‍സെസ് നടത്തുകയോ, നടത്താനുള്ള നടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ പല്ലും നഖവും ഉപയോഗിച്ച് ജാതി സെന്‍സസിനെ ചെറുക്കാനാണ് സംസ്ഥാനത്തെ എന്‍എസ്എസ് അടക്കമുള്ള സവര്‍ണ വിഭാഗ സംഘടനകള്‍ രംഗത്തിങ്ങിയിട്ടുള്ളത്.

ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും സജീവമായി ഇപ്പോഴും രംഗത്തുണ്ട്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ജാതി സെന്‍സസ് നടപ്പിലാക്കഎമെന്ന് പരസ്യമായി പറയാന്‍ പോലുമുള്ള ധൈര്യമില്ല.

എന്‍എസ്എസിനേയും സവര്‍ണ നേതൃത്വത്തേയും പേടിച്ചാണ് സംസ്ഥാന കോണ്‍ഗ്രസിന്‍റെ ഈ നിലപാട്. ജയിക്കാന്‍ ഒട്ടും സാധ്യതയില്ലാത്ത ചില സീറ്റുകള്‍ മാത്രം മഹാഭൂരിപക്ഷം വരുന്ന പിന്നാക്കക്കാര്‍ക്ക് നല്‍കി തങ്ങളുടെ പിന്നാക്ക സ്‌നേഹം വ്യക്തമാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പിന്നാക്ക വിഭാഗത്തിലെ വളരെ ഉന്നതരായ ചില നേതാക്കള്‍ക്ക് ബോധപൂർവമാണ് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതെന്ന് വ്യാപകമായ അക്ഷേപവുമുണ്ട്. രാഹുല്‍ ഗാന്ധിയുടെ സംവരണത്തിനും, ജാതി സെന്‍സസിനും വേണ്ടിയുള്ള പോരാട്ടം കേരളത്തില്‍ ബാധകമല്ലെന്നുള്ള നിലപാട് തന്നെയാണ് എന്‍എസ്എസിനേയും സവര്‍ണ വിഭാഗത്തേയം പേടിച്ച് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുളളത്.

"ഇന്ത്യ മുന്നണി'യും കോണ്‍ഗ്രസും പൊതുവെ ജാതി സെന്‍സസിനും അതിന്‍റെ അടിസ്ഥാനത്തില്‍ സംവരണ ശതമാനം കൂട്ടലിനും അനുകൂലമായ നിലപാട് കൈക്കൊണ്ടിട്ടുണ്ടെങ്കിലും സിപിഎം അഖിലേന്ത്യാ നേതൃത്വം ജാതി സെന്‍സസിനു നേരേ ഇപ്പോഴും മുഖം തിരിച്ചുതന്നെ നില്‍ക്കുകയാണ്. ഒടുവില്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് ബിജെപിക്കു പോലും പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ട്.

ബിജെപി ജാതി സെന്‍സസിന് എതിരായ നിലപാട് കൈക്കൊണ്ടിരുന്ന സമയത്താണ് സിപിഎം നേതൃത്വം ജാതി സെന്‍സസ് നടപ്പിലാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അതു നടപ്പിലാക്കിയാല്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചത്. സിപിഎമ്മിന്‍റെ ആ പ്രസ്താവന വരുന്ന സമയത്ത് ബിജെപി ജാതി സെന്‍സസിന് എതിരായ ശക്തമായ നിലപാടിലായിരുന്നു എന്ന കാര്യം വിസ്മരിക്കാനാവില്ല.

6 സംസ്ഥാനങ്ങളില്‍ ജാതി സെന്‍സെസ് ഇതിനകം നടപ്പിലാക്കിയത് സിപിഎം ബോധപൂർവം വിസ്മരിക്കുന്നു. 10 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനത്ത് ഭരണം നടത്തുന്ന സിപിഎം എക്കാലത്തും ജാതി സെന്‍സസിന് എതിരായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. ഇതിനകം പല സംസ്ഥാനങ്ങളും ജാതി സെന്‍സെസ് നടപ്പിലാക്കുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ സംവരണ ശതമാനം കൂട്ടുകയും ചെയ്തിട്ടും കേരളം ഇക്കാര്യത്തില്‍ യാതൊരു നടപടികളും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

ഇപ്പോഴും കേന്ദ്രം വേണമെങ്കില്‍ ജാതി സെന്‍സസ് നടപ്പിലാക്കട്ടെ എന്ന സമീപിനമാണ് ഈ പാര്‍ട്ടിക്കുള്ളത്. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ പോലെ സവര്‍ണ വിഭാഗത്തെ ഭയന്നാണ് സിപിഎമ്മും ജാതി സെന്‍സസിനെതിരായ സമീപനം കൈക്കൊണ്ടിട്ടുള്ളത്.

കേരളത്തിലെ സിപിഎമ്മിന്‍റേയും ഇടതുപക്ഷത്തിന്‍റേയും അടിത്തറ പിന്നാക്ക ജനവിഭാഗങ്ങളാണെന്ന യാഥാർഥ്യം ഇടതു നേതൃത്വം ബോധപൂർവം വിസ്മരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കിട്ടിയ സവര്‍ണ വോട്ടുകള്‍, പോൾ ചെയ്ത സവര്‍ണ വോട്ടുകളില്‍ വെറും 7 ശതമാനം മാത്രമാണെന്നാണ് അനൗദ്യോഗിക സർവെകള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഈ ന്യൂനപക്ഷ -സവര്‍ണ വോട്ടുകള്‍ക്ക് വേണ്ടിയാണോ ഇടതുപക്ഷം തങ്ങളുടെ വോട്ടുകളില്‍ മഹാഭൂരിപക്ഷവും നല്‍കിവരുന്ന പിന്നാക്കക്കാരെ വിസ്മരിച്ചിരിക്കുന്നത്? ഈ ഇടതു മന്ത്രിസഭയിലെ പകുതിയിലധികം പേര്‍ സവര്‍ണ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. സിപിഎം അടക്കമുള്ള ഇടതു പാര്‍ട്ടികളിലെ നേതൃത്വങ്ങളിലും മഹാഭൂരിപക്ഷവും സവര്‍ണ വിഭാഗങ്ങളിലുള്ളവരാണെന്നുള്ള ആക്ഷേപവുമുണ്ട്.

സിപിഎം അടക്കമുള്ള ഇടതു പാര്‍ട്ടികളിലെ നേതൃത്വത്തില്‍ ബഹുഭൂരിപക്ഷവും സവര്‍ണ വിഭാഗം കൈയടക്കിയത് ഇടത് അനുഭാവികളില്‍ വലിയ അസ്വസ്ഥത ഉളവാക്കിയതുമാണ്. പിന്നാക്ക വിഭാഗങ്ങളിലാകെ വ്യാപകമായ അതൃപ്തി ഇക്കാര്യത്തില്‍ നേതൃത്വത്തിനെതിരായി വളര്‍ന്നുവന്നിട്ടുണ്ടെന്നുള്ളത് ഈ വൈകിയ വേളയിലെങ്കിലും നേതൃത്വം മനസിലാക്കണം.

ബിജെപിയുടെ അടിത്തറ സവര്‍ണ വിഭാഗങ്ങള്‍ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ജാതി സെന്‍സസിനെ ഈ പാര്‍ട്ടി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്നത്. എന്നാല്‍ രാജ്യത്തെ മഹാഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങളാണ് തങ്ങളുടെ വോട്ടു ബാങ്ക് എന്ന വസ്തുത ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നിലപാടില്‍ ഇപ്പോള്‍ മാറ്റം വരുത്തിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജാതി സെന്‍സസ് ഫലപ്രദമായി നടപ്പിലാക്കുമോ എന്ന കാര്യത്തില്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഇപ്പോഴും വലിയ വിശ്വാസം വന്നിട്ടില്ല.

സംസ്ഥാനത്തെ ഇടതുപക്ഷത്തിന്‍റെ അടിത്തറ പിന്നാക്ക ജനവിഭാഗങ്ങളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തങ്ങള്‍ക്ക് കാര്യമായ വോട്ടില്ലാത്ത സവര്‍ണ വിഭാഗത്തിനായി സംവരണത്തെയും, ജാതി സെന്‍സസിനെയും അട്ടിമറിക്കേണ്ട യാതൊരു കാര്യവും ഇടതുപക്ഷത്തിനില്ല. ജാതി സെന്‍സസിലും സംവരണത്തിലുമുള്ള ഇടതപക്ഷത്തിന്‍റെ ചാഞ്ചാട്ടത്തില്‍ പ്രതിഷേധിച്ചാണ് പിന്നാക്ക വിഭാഗങ്ങളില്‍ നല്ലൊരു വിഭാഗം ഇന്ന് കോണ്‍ഗ്രസിലും ബിജെപിയിലുമെല്ലാം എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഈ വസ്തുത സിപിഎം നേതൃത്വത്തിന് ഇപ്പോഴും ബോധ്യം വന്നിട്ടില്ലെന്ന് തോന്നുന്നു. ജാതി സെന്‍സസ് സംബന്ധിച്ച് തെറ്റായ തങ്ങളുടെ നിലപാട് തിരുത്തിയാല്‍ പിന്നാക്കക്കാര്‍ നിശ്ചയമായും ഇടതു പാളയത്തില്‍ തന്നെ തിരിച്ചുവരുമെന്നുള്ളതില്‍ സംശയമില്ല.

മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജാതി സെന്‍സസ് നടപ്പിലാക്കുന്നതു സംബന്ധിച്ച എന്തുതരം പ്രഖ്യാപനങ്ങളാണ് ഉണ്ടാവുക എന്നറിയാന്‍ പിന്നാക്ക ജനവിഭാഗങ്ങളാകെ കാതോര്‍ക്കുകയാണ്. ജാതി സെന്‍സെസ് ധീരമായി പ്രഖ്യാപിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ജാതി സംവരണം വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനവുമാണ് ഇടതു മുന്നണിയില്‍ നിന്ന് പിന്നാക്കക്കാര്‍ പ്രതീഷിക്കുന്നത്. അത്തരമൊരു തീരുമാനം കൊക്കൊണ്ടാല്‍ പിന്നാക്ക ജനവിഭാഗത്തിന്‍റെ വ്യാപക പിന്തുണ ഇടതുപക്ഷത്തിനുണ്ടാകും.

വികസന പ്രവര്‍ത്തനങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ എല്ലാ മുന്നണികളും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും ബിജെപി ഡീല്‍ ആരോപണം പരസ്പരം വ്യാപകമായി ഉയര്‍ത്തുന്നുമുണ്ട്. എന്നാല്‍ പിന്നാക്ക ജനവിഭാഗത്തിന്‍റെ ഏറ്റവും സജീവമായ പ്രശ്‌നമായ ജാതി സെന്‍സസ്, സംവരണ ശതമാനം കൂട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് എൽഡിഎഫും യുഡിഎഫും എന്‍ഡിഎയും തയാറായിട്ടുള്ളത്.

മഹാഭൂരിപക്ഷത്തിന്‍റെ ഏറ്റവും സജീവ പ്രശ്‌നമായ ജാതി സെന്‍സസ്, സംവരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിയ വേളയിലെങ്കിലും വിവിധ മുന്നണികള്‍ തയാറാവേണ്ടതാണ്. പിന്നാക്ക ജനവിഭാഗങ്ങളുടെ വികാരങ്ങളെയാകെ ബോധപൂർവം തൃണവത്ഗണിച്ചാലും അവര്‍ തങ്ങള്‍ക്കു തന്നെ വോട്ടു ചെയ്യുമെന്ന് ഏതെങ്കിലുമൊരു കൂട്ടര്‍ കരുതിയാല്‍ അത് വെറും സ്വപ്നമായിരിക്കുമെന്ന് അവര്‍ക്ക് ബോധ്യപ്പെടേണ്ട സമയവുമാണിത്.

(ലേഖകന്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍: 9847132428)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com