കാൽ നഷ്ടമായതായി സ്ത്രീയുടെ പരാതി; തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരേ കേസ്

ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് അഭിഷേകിനെതിരെയുള്ള മൂന്നാമത്തെ കേസ്
Abhishek Banerjee

അഭിഷേക് ബാനർജി

Updated on

കൊൽക്കത്ത: ഹെൽത്ത് ക്യാമ്പിൽ വച്ച് നടത്തിയ ചികിത്സയെ തുടർന്ന് കാൽ നഷ്ടമായെന്ന സ്ത്രീയുടെ പരാതിയിൽ തൃണമൂൽ കോൺഗ്രസ് എംപിയും മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരേ പൊലീസ് കേസെടുത്തു. ഏതാനും മാസങ്ങൾക്ക് മുൻപ് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ നടത്തിയ സെബാഷ്രെ ഹെൽത്ത് ക്യാമ്പിൽ മുട്ടുവേദനയ്ക്ക് ചികിത്സ തേടിയതിനെ തുടർന്നാണ് കാൽ നഷ്ടമായതെന്നാണ് പരാതി.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലിരിക്കെ ജനുവരി രണ്ടിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിന്‍റെ പേരിൽ അഭിഷേക് ബാനർജിക്കെതിരെ ഇതിനോടകം രണ്ടു കേസുകൾ നിലവിലുണ്ട്. നിലവിൽ സ്ത്രീയുടെ പരാതി കൂടി വന്നതോടെ കേസുകളുടെ എണ്ണം മൂന്നായി ഉയർന്നു.

24 സൗത്ത് പർഗനാസ് സ്വദേശിയായ മലോട്ടി ബിശ്വാസ് എന്ന സ്ത്രീയാണ് പരാതി നൽകിയത്. ക്യാമ്പിലെ ചികിത്സയിലുണ്ടായ പിഴവ് കാരണം ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് കാൽ നഷ്ടപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. കാൽമുട്ട് വേദനയെ തുടർന്ന് ക്യാമ്പിൽ ചികിത്സ തേടിയ സ്ത്രീയ്ക്ക് ഡോക്റ്റർമാർ മരുന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, വേദന കൂടിയതോടെ മറ്റൊരു സെബാഷ്രെ ക്യാമ്പിൽ ചികിത്സ തേടി. എന്നാൽ ചികിത്സിക്കാൻ ഡോക്റ്റർമാർ വലിയൊരു തുക ആവശ്യപ്പെടുകയും നൽകാൻ സാധ്യമല്ലെന്നു പറഞ്ഞപ്പോൾ സർക്കാർ ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്തതിനാൽ വലതു കാൽമുട്ട് മുറിച്ചുമാറ്റുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ രബീന്ദ്രനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com