
മഞ്ഞും വെയിലുമേറ്റ് തെരഞ്ഞത് രണ്ട് വർഷം; ഒടുവിൽ വജ്രം കണ്ടെടുത്ത് സാവിത്രി
ഭോപ്പാൽ: മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഖനിയിൽ നിന്ന് വജ്രം കണ്ടെടുത്ത് വനിതാ തൊഴിലാളി. സാവിത്രി ഭായ് സിസോദിയ എന്ന സ്ത്രീയാണ് രണ്ടു വർഷം നീണ്ട തെരച്ചിലിനൊടുവിൽ ഖനിയിൽ നിന്ന് 2.69 കാരറ്റിന്‍റെ വജ്രം കണ്ടെത്തിയത്. വജ്രം തെരയുന്നതിനായി സർക്കാരിൽ നിന്ന് സ്ഥലം ലീസിനെടുത്തിരിക്കുകയായിരുന്നു സാവിത്രി.
ചോപ്ര മേഖലയിലാണ് മഞ്ഞും മഴയും വെയിലും കണക്കാക്കാതെ ഇത്ര വർഷത്തോളമായി സാവിത്രി വജ്രം തെരഞ്ഞിരുന്നത്. ഡയമണ്ട് ഓഫിസർ അനുപം സിങ് വജ്രം പരിശോധിച്ച് ഉറപ്പു വരുത്തി. ഇനി നിയമപ്രകാരം വജ്രം ലേലം ചെയ്യാനാണ് തീരുമാനം. സർക്കാരിനുള്ള റോയൽറ്റിയും നികുതികളും പിടിച്ചതിനു ശേഷം ലേലത്തിൽ നിന്ന് കിട്ടുന്ന തുക സാവിത്രിക്ക് കൈമാറും.
വജ്രം തെരയുന്നതിനായി ഖനിയിലെ ചില ഭാഗങ്ങൾ നാമ മാത്രമായ പണം വാങ്ങി സർക്കാർ ലീസിനു കൊടുക്കാറുണ്ട്. നിരവധി പേരാണ് ഇത്തരത്തിൽ വജ്രവേട്ടയിൽ ഏർപ്പെട്ടിരിക്കുന്നത്.
പക്ഷേ അപൂർവമായി മാത്രമേ വജ്രം കിട്ടാറുള്ളൂ എന്നു മാത്രം. തെരഞ്ഞു കിട്ടുന്ന വജ്രക്കല്ലുകൾ അതേ പടി സർക്കാർ ഉദ്യോഗസ്ഥർക്ക് കൈമാറും. സാവിത്രി തെരഞ്ഞു കണ്ടെത്തിയ വജ്രത്തിന്‍റെ വിലയെന്തെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല.
ഇതിനു മുൻപ് 2024ൽ ദിലീപ് മിസ്ത്രി എന്നയാൾക്ക് 7.44 ക്യാരറ്റിന്‍റെ വജ്രം കിട്ടിരുന്നു. മൂന്നു മാസത്തിനിടെ രണ്ടു തവണയാണ് ഇയാൾ വജ്രം തെരഞ്ഞു പിടിച്ചത്. 2024 ജൂലൈയിൽ 19.22 ക്യാരറ്റിന്‍റെ വജ്രവും ഇതേ പ്രദേശത്ത് നിന്ന് കിട്ടിയിരുന്നു.