
ബംഗളൂരു: കാവേരി നദിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം നൽകാനുള്ള കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ ( സിഡബ്ല്യുആർസി) നിർദേശം നടപ്പിലാക്കാൻ സാധിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാവേരി നദീതടത്തിൽ 51 ടിഎംസി വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. അതു സംസ്ഥാനത്തെ കുടിവെള്ളശേഖരമാണ്. അതു കൊണ്ടു തന്നെ നിർദേശം നടപ്പാക്കാൻ സാധിക്കില്ലെന്ന് ശിവകുമാർ വ്യക്തമാക്കി. നവംബർ 1 മുതൽ 15 ദിവസത്തേക്ക് 2,600 ഘന അടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കണമെന്നായിരുന്ന കമ്മിറ്റി നിർദേശിച്ചിരുന്നത്.
നിലവിൽ കൃഷ്ണരാജ സാഗർ ഡാമിലേക്ക് ഒഴുക്കാൻ മാത്രമുള്ള വെള്ളമില്ല. അതു കൊണ്ടു തന്നെ വെള്ളം നൽകാൻ സാധിക്കില്ലെന്നാണ് കർണാടകയുടെ വാദം.
സാധാരണ രീതിയിൽ കൃഷ്ണരാജാ സാഗർ, കബിനി ഡാമുകളിൽ നിന്നായി പ്രകൃത്യാ 815 ഘന അടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുകുന്നുണ്ടെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.