48 ദിവസം ഉപവാസവും ചാട്ടവാറടിയും; ഡിഎംകെ സർക്കാരിനെ താഴെയിറക്കും വരെ ചെരുപ്പിടില്ലെന്ന് അണ്ണാമലൈ

അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനി ലൈംഗികാതിക്രമത്തിന് ഇരയായതിന്‍റെ പശ്ചാത്തലത്തിലാണ് ഡിഎംകെയ്ക്കെതിരേ അണ്ണാമലൈയുടെ യുദ്ധപ്രഖ്യാപനം.
wont wear chappals says tamilnad bjp leader k annamalai
കെ. അണ്ണാമലൈ
Updated on

കോയമ്പത്തൂർ: തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ താഴെയിറക്കുന്നതുവരെ ചെരുപ്പിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. ഇന്നലെ കോയമ്പത്തൂരിൽ പത്രസമ്മേളനത്തിൽ തന്‍റെ ഷൂസുകൾ ഊരിയെടുത്തുകൊണ്ടാണു പ്രഖ്യാപനം. സംസ്ഥാനത്തു ക്രമസമാധാനം തകരാറിലാണ്. സ്ത്രീകൾക്ക് സുരക്ഷയില്ല. ഡിഎംകെ സർക്കാർ പ്രതികൾക്ക് സംരക്ഷണം നൽകുകയാണെന്നും അണ്ണാമലൈ.

അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനി ലൈംഗികാതിക്രമത്തിന് ഇരയായതിന്‍റെ പശ്ചാത്തലത്തിലാണ് ഡിഎംകെയ്ക്കെതിരേ അണ്ണാമലൈയുടെ യുദ്ധപ്രഖ്യാപനം. ഡിഎംകെ സർക്കാരിനെ മറിച്ചിടും വരെ ഞാൻ നഗ്നപാദനായിരിക്കും. ഞങ്ങൾ ഒരിക്കലും പണം കൊടുത്തായിരിക്കില്ല തെരഞ്ഞെടുപ്പ് വിജയിക്കുന്നത്. എല്ലാ തിന്മകളെയും ഇല്ലാതാക്കാൻ തന്‍റെ വസതിക്കു പുറത്ത് താൻ സ്വയം ആറു തവണ ചാട്ടവാറടിക്ക് വിധേയനാകുമെന്നും അണ്ണാമലൈ. സംസ്ഥാനത്തെ ആറു മുരുക ക്ഷേത്രങ്ങളിലും ദർശനം നടത്താനായി 48 ദിവസം ഉപവസിക്കും.

അണ്ണാ യൂണിവേഴ്സിറ്റിയിൽ ലൈംഗികാതിക്രമത്തിനിരയായ പത്തൊമ്പതുകാരിയുടെ വ്യക്തിവിവരങ്ങൾ പൊലീസ് പുറത്തുവിട്ടതിനെതിരേ താൻ നിയമനടപടി സ്വീകരിക്കുമെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ ബിജെപി നേതാവ് വ്യക്തമാക്കി. ദേശീയ വനിതാ കമ്മിഷനും പരാതി നൽകും. പരാതിക്കാരിയെ അപമാനിക്കുന്ന വിധത്തിലാണ് എഫ്ഐആർ തയാറാക്കിയത്. പ്രതി ഗുണശേഖരനു ഡിഎംകെ നേതാക്കളുമായുള്ള ബന്ധം മൂലം ഇയാളെ ഗൂണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പോലും പൊലീസ് തയാറായില്ല. ഗുണശേഖരൻ ഡിഎംകെ പ്രവർത്തകനാണെന്നു പറഞ്ഞ അണ്ണാമലൈ, ഇയാൾ ഭരണകക്ഷി നേതാക്കൾക്കൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങളും ദ്രാവിഡ കക്ഷിയുമായി ബന്ധം തെളിയിക്കുന്ന നോട്ടീസുകളും വിതരണം ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com