ഈ സെൻസസ് അതുല്യവും ശ്രദ്ധേയവും: ശരിയായ വിവരങ്ങൾ നൽകുക

കേരളത്തിൽ സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെ
Self-enumeration in Kerala from June 16 to 30

കേരളത്തിൽ സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെ

Updated on

ഉദ്യോഗസ്ഥർ ജൂലൈ 1 മുതൽ ജൂലൈ 30 വരെ വീടുകളിലെത്തും

പ്രത്യേക ലേഖകൻ

ഇന്ത്യാ സെൻസസ്- 2027 രാജ്യത്തുടനീളം പുരോഗമിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആൻഡ് സെന്‍സസ് കമ്മിഷണറായ മൃത്യുഞ്ജയ് നാരായൺ ആണ് സെൻസസ് നടത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ.

ചരിത്ര പശ്ചാത്തലം

ലോകത്തെ ഏറ്റവും മികച്ച സെന്‍സസുകളില്‍ ഒന്നെന്ന നിലയില്‍ ഇന്ത്യാ സെന്‍സസിന് സമ്പന്നമായ പാരമ്പര്യമുണ്ട്. ഇത് ലോകത്ത് ഏറ്റവും വലിയ ഭരണപരമായ പ്രവർത്തനങ്ങളിൽ ഒന്നായി നിലകൊള്ളുന്നു. സെൻസസ് ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ 69ാം നമ്പറിൽ യൂണിയൻ ലിസ്റ്റിൽ [അനുച്ഛേദം 246] ഉൾപ്പെടുത്തിയിരിക്കുന്നു. സെൻസസ് നിയമം-1948 ആണ് സെൻസസ് നടത്തുന്നതിനുള്ള നിയമപരമായ അടിസ്ഥാനം.

1872ലാണ് രാജ്യത്ത് ആദ്യ സെന്‍സസ് നടത്തിയത്. ഇത് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വിവിധ സമയങ്ങളിലായിട്ടാണ് നടത്തിയത്. പിന്നീട് 1881ല്‍ രാജ്യമൊട്ടാകെ ഒരേ സമയത്ത് ഒരു സെന്‍സസ് നടത്തി. അതിനുശേഷം, 2011ലെ സെൻസസ് വരെ മുടക്കമില്ലാതെ 10 വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടത്തിയിരുന്നു. 2021ലെ സെൻസസ് കൊവിഡ്-19 മഹാമാരി മൂലം നിശ്ചിത സമയത്ത് നടത്താനായില്ല. 2027ലെ സെന്‍സസ് 1872 മുതൽ ആരംഭിച്ച ഈ പരമ്പരയിലെ 16ാമത്തേതും സ്വതന്ത്ര ഇന്ത്യയിലെ എട്ടാാമത്തേതുമാണ്.

വില്ലെജ്, പട്ടണം, വാർഡ് എന്നീ തലങ്ങളിലുള്ള പ്രാഥമിക വിവരത്തിന്‍റെ ഏറ്റവും വലിയ സ്രോതസാണ് സെൻസസ്. വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ, ജനസംഖ്യാ വിവരങ്ങൾ, മതം, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾ, ഭാഷ, സാക്ഷരത, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം, സന്താനോത്പാദനം തുടങ്ങി വിവിധ ഘടകങ്ങളിന്മേൽ സൂക്ഷ്മമായ വിവരങ്ങൾ ലഭ്യമാക്കുന്ന ഭാരത സെൻസസിന് 150 വർഷത്തെ ചരിത്രമുണ്ട്. രാജ്യത്തിന്‍റെ ആസൂത്രണത്തിനും വികസനത്തിനും അടിത്തറ പാകുന്നതിനാൽ ശേഖരിക്കുന്ന വിവരങ്ങൾ വളരെ പ്രധാനപ്പെട്ടവയാണ്.

സെന്‍സസിന്‍റെ ലക്ഷ്യങ്ങള്‍

ജനസംഖ്യാ ശാസ്ത്രം (ജനസംഖ്യാ സവിശേഷതകൾ), സാമ്പത്തിക പ്രവർത്തനം, സാക്ഷരതയും, വിദ്യാഭ്യാസവും, പാർപ്പിട ഗാർഹിക സൗകര്യങ്ങൾ, നഗരവത്കരണം, പ്രജനനം, പട്ടികജാതി, പട്ടികവർഗം, ഭാഷ, മതം, കുടിയേറ്റം, വൈകല്യം തുടങ്ങിയ നിരവധി സാമൂഹിക- സാംസ്കാരിക, ജനസംഖ്യാ സംബന്ധമായ വിവരങ്ങൾക്ക് ഏറ്റവും വിശ്വസനീയമായ ഉറവിടമാണ് ഇന്ത്യാ സെൻസസ്.

ജനങ്ങളുടെ ഉന്നമനത്തിനായി ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് അടിസ്ഥാനപരമായ വിവരങ്ങള്‍ സെന്‍സസാണ് നല്‍കുന്നത്. അതുവഴി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്‍റ്, അസംബ്ലി, പഞ്ചായത്തു പോലെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലെ അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. അങ്ങനെ എന്യൂമറേറ്റര്‍മാര്‍ വെറും വിവരങ്ങള്‍ ശേഖരിക്കുക മാത്രമല്ല, നമ്മുടെ രാഷ്‌ട്രനിര്‍മാണത്തിന്‍റെ തന്നെ ഭാഗമായി മാറുകയുമാണ്.

ജനവാസ കേന്ദ്രങ്ങളിലെ സ്ഥിതി, പാര്‍പ്പിട ദൗര്‍ലഭ്യം, വീടുകളുടെ ആവശ്യകത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ഒന്നാം ഘട്ടം, അതായത് വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസും വീടുകളെ സംബന്ധിച്ച് നയങ്ങള്‍ ആവിഷ്കരിക്കുന്നതിന് വളരെ ഉപയോഗപ്രദമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ക്കും സര്‍ക്കാരിതര ഏജന്‍സികള്‍ക്കും തദ്ദേശീയതലത്തിലും സംസ്ഥാനതലത്തിലും വികസന- ആസൂത്രണ പദ്ധതികള്‍ നടപ്പാക്കുന്നതിന് സഹായകമായി കുടുംബങ്ങളിലെ സൗകര്യങ്ങളെയും ആസ്തികളെയും സംബന്ധിച്ച വിപുലമായ ഡാറ്റ ലഭ്യമാക്കാന്‍ ഇതിനു കഴിയുന്നു. കൂടാതെ ഇത് ജനസംഖ്യാ കണക്കെടുപ്പിന് അടിസ്ഥാനമാവുകയും ചെയ്യുന്നു.

രണ്ടാം ഘട്ടമായി നടപ്പാക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് രാജ്യത്തെ ഓരോ വ്യക്തിയെയും കുറിച്ചുള്ള ഒരു നിര്‍ദ്ദിഷ്ട സമയത്തെ വിലപിടിപ്പുള്ള വിവരങ്ങള്‍ നല്‍കുന്നു. രാജ്യത്തിന്‍റെയും ജനങ്ങളുടെയും പുരോഗതിക്കാവശ്യമായ നല്ല നയങ്ങളും പരിപാടികളും വികസിപ്പിച്ചെടുക്കാൻ സെന്‍സസ് ഡാറ്റ ആവശ്യമാണ്. പഠിതാക്കളുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും ആസൂത്രകരുടെയും തെരഞ്ഞെടുപ്പ് അധികാരികളുടെയും ആവശ്യങ്ങള്‍ക്കു പുറമേ, കാര്യക്ഷമവും ഫലപ്രദവുമായ പൊതുഭരണ സമ്പ്രദായത്തിനും സെന്‍സസ് വിവരങ്ങള്‍ ആവശ്യമാണ്. ജനസംഖ്യാ കണക്കെടുപ്പിന്‍റെ ഒരു പ്രധാന സവിശേഷത ഓരോ വ്യക്തിയെയും എണ്ണുകയും, ആ വ്യക്തിയുടെ വ്യക്തിഗത വിവരങ്ങൾ സൂചിത തീയതിയും സമയവും (Reference Date and Moment) എന്നു വിളിക്കപ്പെടുന്ന നിശ്ചിത സമയത്ത് ശേഖരിക്കുകയും ചെയ്യുന്നു എന്നതാണ്.

വാസസ്ഥലം, ജനസംഖ്യ, സാമൂഹ്യ- സാമ്പത്തിക ഘടകങ്ങൾ, കുടിയേറ്റം, പ്രജനന സവിശേഷതകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളിലെ സെൻസസ് വഴി ശേഖരിക്കുന്ന ഡാറ്റ, വിശാലമായ വിവരശേഖരമായതിനാൽ ദേശീയ ആസൂത്രണത്തിനും വികസനത്തിനും അത്യന്താപേക്ഷിതമാണ്. വികസിത ഇന്ത്യ സൃഷ്ടിക്കാൻ വിശ്വസനീയമായ ഡാറ്റ നയരൂപീകരണത്തിന് അടിത്തറയാകുന്നു. പദ്ധതികളും ക്ഷേമപരിപാടികളും രൂപകൽപ്പന ചെയ്യാനും ബജറ്റിങ് നടത്താനും, വിഭവങ്ങളുടെ മെച്ചപ്പെട്ട വിനിയോഗം/ വിതരണം ഉറപ്പാക്കാനും, അടിസ്ഥാന സൗകര്യ വികസനവും നഗരാസൂത്രണവും ഫലപ്രദമായി നടത്താനും ഇത് നയ രൂപീകരണക്കാരെ സഹായിക്കുന്നു. കൂടാതെ, പിന്നാക്ക വിഭാഗങ്ങൾക്കായി (പ്രത്യേകിച്ച് ഭിന്നശേഷിയുള്ളവർ, എസ്‌സി/ എസ്ടി വിഭാഗങ്ങൾ, ലിംഗസംബന്ധമായ വിഷയങ്ങൾ) ഉൾക്കൊള്ളുന്ന നയങ്ങൾ രൂപപ്പെടുത്താനും സാമൂഹിക സമത്വത്തിലേക്കുള്ള പുരോഗതി നിരീക്ഷിക്കാനും സാമൂഹികമേഖല വികസനത്തിന്‍റെ അടിസ്ഥാനമായും സെൻസസ് ഡാറ്റ പ്രവർത്തിക്കുന്നു. തൊഴിലവസരങ്ങൾ, നൈപുണ്യ വികസന സംരംഭങ്ങൾ, വ്യവസായ വികസന തന്ത്രങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യാനും, അതുവഴി സാമ്പത്തിക ആസൂത്രണത്തിനും തൊഴിൽ സൃഷ്ടിക്കാനും ഈ ഡാറ്റ സഹായകരമാണ്.

ദുരന്തനിവാരണത്തിനും പൊതുജനാരോഗ്യ ആവശ്യങ്ങൾക്കും ദുർബല ജനങ്ങളെ തിരിച്ചറിയാനും, അടിയന്തര സാഹചര്യങ്ങൾ ആസൂത്രണം ചെയ്യാനും, വാക്സിനേഷൻ ഡ്രൈവുകൾക്കും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലും ഇത് ഉപയോഗിക്കുന്നു. വികസിത് ഭാരത് എന്ന ദേശീയ ലക്ഷ്യത്തിലേക്കുള്ള സർക്കാർ പദ്ധതികൾ ഉദ്ദേശിച്ച പുരോഗതി കൈവരിക്കുന്നുണ്ടോ എന്ന് സമഗ്രമായി വിലയിരുത്താനും നിരീക്ഷിക്കാനുമുള്ള ഏറ്റവും പ്രധാന മാനദണ്ഡങ്ങളിലൊന്നാണ് സെൻസസ്.

സെന്‍സസ് രണ്ടു ഘട്ടങ്ങളായി

ഇന്ത്യാ സെന്‍സസ്- 2027 രണ്ടു ഘട്ടങ്ങളായാണ് നടക്കുക: (i) വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസും (ii) ജനസംഖ്യാ കണക്കെടുപ്പ്. ഒന്നാം ഘട്ടത്തില്‍ 2026 ഏപ്രിലിനും സെപ്തംബറിനും ഇടയ്ക്ക്, ഒരു നിശ്ചിത മാസത്തില്‍, സംസ്ഥാന/ കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾ സംസ്ഥാന ഗസറ്റിൽ പ്രസിദ്ധീകരിച്ച സമയക്രമത്തിൽ കെട്ടിടങ്ങളും സെന്‍സസ് വീടുകളും കുടുംബങ്ങളും കണ്ടെത്തി ക്രമാനുസൃത പട്ടികയുണ്ടാക്കും.

കെട്ടിടങ്ങളുടെയും വീടുകളുടെയും പട്ടികയ്ക്ക് പുറമേ, ജനവാസ കേന്ദ്രങ്ങളുടെ അവസ്ഥ, പാര്‍പ്പിട ദൗര്‍ലഭ്യം മുതലായവ വിലയിരുത്താൻ കുടുംബത്തിനു കൈവശമുള്ള ആസ്തികളെയും ലഭ്യമായ സൗകര്യങ്ങളെയും കുറിച്ചുള്ള ചില ഉപയോഗപ്രദമായ വിവരങ്ങളും ശേഖരിക്കുന്നു.

രണ്ടാം ഘട്ടത്തിന്‍റെ (ജനസംഖ്യാ കണക്കെടുപ്പ്) ഫീല്‍ഡ് വര്‍ക്ക് രാജ്യത്തുടനീളം (മഞ്ഞ് മൂടിയ പ്രദേശങ്ങൾ ഒഴികെ) 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്. ഈ ഘട്ടത്തിൽ, ഓരോ വ്യക്തിയെയും എണ്ണുകയും, അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. മഞ്ഞു മൂടിയ പ്രദേശങ്ങളിൽ ഈ പ്രവർത്തനം ഇക്കൊല്ലം സെപ്റ്റംബർ, ഒക്റ്റോബർ മാസങ്ങളിലാണ്.

ആദ്യ ഘട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഡാറ്റ ശേഖരിക്കും. സെൻസസ് ആവശ്യത്തിനായി തയാറാക്കിയ എച്ച്എൽഒ മൊബൈൽ ആപ്പ് എല്ലാ എന്യൂമറേറ്റര്‍മാർക്കും സൂപ്പർവൈസർമാർക്കും പരമാവധി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ലളിതവും സൗകര്യപ്രദവും ഉപയോക്തൃ സൗഹൃദവുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്യൂമറേറ്റര്‍മാർക്ക് ഫീൽഡിലേക്ക് ഭാരമേറിയ ഷെഡ്യൂളുകൾ കൊണ്ടുപോകേണ്ടതില്ല. അതിനാൽ അവർക്ക് കൂടുതൽ സ്വാതന്ത്ര്യവും സഞ്ചാര സൗകര്യവും ലഭിക്കും. സെൽഫ്- എന്യൂമറേഷൻ നടത്തിയ സെൻസസ് വീടിന്‍റെ റെക്കോഡുകള്‍ ലഭ്യമാക്കാനും ആവശ്യാനുസരണം അവ എഡിറ്റ് ചെയ്യാനും ആപ്പ് സൗകര്യം നൽകുന്നു. ഡിജിറ്റൽ ഡാറ്റ ശേഖരണത്തിലൂടെ വർക്കിങ് ഷീറ്റ്, സംക്ഷിപ്ത പട്ടികകൾ, മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങൾ എന്നിവ തയാറാക്കുന്ന ജോലിഭാരം കുറയ്ക്കും, സമയം ലാഭിക്കും.

2027 സെൻസസിന്‍റെ സവിശേഷത നമുക്ക് സ്വന്തമായി നമ്മുടെ കുടുംബത്തിന്‍റെ വിവരങ്ങൾ അതിനായി നൽകിയിരിക്കുന്ന https://se.census.gov.in എന്ന പോർട്ടലിൽ സെൽഫ് എന്യൂമറേഷൻ വഴി സമർപ്പിക്കാം എന്നതാണ്. വ്യക്തികൾക്ക് വെബ് പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ സുരക്ഷിതമായി സമർപ്പിക്കാന്‍ ഇത് അവസരമൊരുക്കുന്നു. ജോലി, ബിസിനസ് അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കായി ദിവസം മുഴുവൻ വീടുകളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇത് കൂടുതൽ സഹായകമാണ്. സെൽഫ്- എന്യൂമറേഷൻ നടത്തിയ ഡാറ്റ സമർപ്പിക്കുന്നതിന് മുമ്പ് എന്യൂമറേറ്റര്‍ പരിശോധിക്കേണ്ടതുണ്ട്.

ആദ്യ ഘട്ടമായ വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസും ലക്ഷദ്വീപിൽ മെയ് 15 വരെയാണ്. വിവര ശേഖരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇപ്പോൾ വീടുകൾ സന്ദർശിക്കുന്നു. വീടുകളുടെ 33 വിവരങ്ങളാണ് ഇപ്പോൾ ശേഖരിക്കുന്നത്. ലക്ഷദ്വീപിൽ സെൽഫ്- എന്യൂമറേഷൻ കാലാവധി 2026 ഏപ്രിൽ 1 മുതൽ ഏപ്രിൽ 15 വരെ ആയിരുന്നു.

കേരളത്തിൽ സെൽഫ് എന്യൂമറേഷൻ കാലാവധി ജൂൺ 16 മുതൽ 30 വരെ ആണ്. വിവര ശേഖരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ജൂലൈ 1 മുതൽ 30 വരെ വീടുകൾ സന്ദർശിക്കും.

ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവരശേഖരണം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സെൻസസ് എന്ന നിലയിൽ ഈ സെൻസസ് അതുല്യവും ശ്രദ്ധേയവുമാണ്. വിവര ശേഖരണത്തിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാർ വീടുകൾ സന്ദർശിക്കുമ്പോൾ കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് മനസിലാക്കി ശരിയായ വിവരങ്ങൾ നൽകണം.

വീടുകളെപ്പറ്റിയുള്ള ചോദ്യങ്ങൾ:

1: കെട്ടിട നമ്പര്‍

2: വീടിന്‍റെ നമ്പര്‍

3: നിലത്തിന് ഉപയോഗിച്ച പ്രധാന സാമഗ്രി

4: ഭിത്തിക്ക് ഉപയോഗിച്ച പ്രധാന സാമഗ്രി

5: മേൽക്കൂരയ്ക്ക് ഉപയോഗിച്ച പ്രധാന സാമഗ്രി

6: വീടിന്‍റെ ഉപയോഗം

7: വീടിന്‍റെ അവസ്ഥ

8: കുടുംബത്തിന്‍റെ നമ്പര്‍

9: കുടുംബത്തില്‍ താമസിക്കുന്നവരുടെ എണ്ണം

10: കുടുംബനാഥന്‍റെ/ നാഥയുടെ പേര്

11: ലിംഗഭേദം

12: പട്ടികജാതിയോ പട്ടികവര്‍ഗമോ മറ്റുള്ളവരോ

13: വീടിന്‍റെ ഉടമസ്ഥത

14: കുടുംബത്തിനു മാത്രമായുള്ള മുറികളെത്ര

15: കുടുംബത്തിലെ ദമ്പതികളുടെ എണ്ണം

16: കുടിവെള്ളത്തിന്‍റെ പ്രധാന സ്രോതസ്

17: കുടിവെള്ള സ്രോതസിന്‍റെ ലഭ്യത

18: വെളിച്ചത്തിന്‍റെ പ്രധാന സ്രോതസ്

19: കക്കൂസിന്‍റെ ലഭ്യത

20: കക്കൂസിന്‍റെ തരം

21: അഴുക്കുവെള്ളക്കുഴല്‍ ബന്ധിപ്പിച്ചിട്ടുള്ളത്

22: പരിസരത്തെ കുളിയ്ക്കാനുള്ള സൗകര്യം

23: അടുക്കള, എല്‍പിജി/ പിഎന്‍ജി കണക്‌ഷൻ ലഭ്യത

24: പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം

25: റേഡിയോ/ ട്രാന്‍സിസ്റ്റര്‍

26: ടെലിവിഷന്‍

27: ഇന്‍റര്‍നെറ്റിന്‍റെ ലഭ്യത

28: ലാപ്ടോപ് /കംപ്യൂട്ടര്‍

29: ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍/ സ്മാര്‍ട്ട്ഫോണ്‍

30: സൈക്കിള്‍, സ്കൂട്ടര്‍/ മോട്ടോര്‍സൈക്കിള്‍/ മോപ്പഡ്

31: കാര്‍/ ജീപ്പ്/ വാന്‍

32: കുടുംബം പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം

33: മൊബൈല്‍ നമ്പര്‍.

logo
Metro Vaartha
www.metrovaartha.com