
ന്യൂഡൽഹി: നിരോധിത ഭീകര സംഘടന ഇന്ത്യൻ മുജാഹിദ്ദീന്റെ സഹ സ്ഥാപകൻ യാസീൻ ഭട്കലിനും 10 കൂട്ടാളികൾക്കുമെതിരേ രാജ്യത്തിനെതിരേ യുദ്ധം ചെയ്തതടക്കം കുറ്റങ്ങൾ ചുമത്താൻ ഡൽഹി കോടതി ഉത്തരവിട്ടു. പ്രഥമദൃഷ്ട്യാ പ്രതികൾ കുറ്റം ചെയ്തതിനു തെളിവുണ്ടെന്നും ഇവർ വിചാരണ നേരിടണമെന്നും അഡീഷനൽ സെഷൻസ് ജഡ്ജി ശൈലേന്ദർ മാലിക്ക് വ്യക്തമാക്കി. 2012ൽ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി.
ക്രിമിനൽ ഗൂഢാലോചന, ഭീകരാക്രമണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വൻതോതിൽ ആളുകളെ റിക്രൂട്ട് ചെയ്തു, പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനകളുടെ പിന്തുണയോടെ രാജ്യത്താകെ സ്ലീപ്പർ സെല്ലുകളുണ്ടാക്കി, ഡൽഹി ഉൾപ്പെടെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തി തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരേ ചുമത്താൻ കോടതി ഉത്തരവിട്ടു.
ഇന്ത്യൻ മുജീഹിദ്ദീനും അതിനു വേണ്ടി പ്രവർത്തിച്ചിരുന്ന മറ്റു സംഘടനകളും വിദേശത്തു നിന്ന് ഹവാല വഴി പണം ലഭിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിൽ വെളിപ്പെടുത്തി. ഗുജറാത്ത് കലാപം, ബാബറി മസ്ജിദ് വിഷയങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ മുസ്ലിം യുവാക്കളെ ഇവർ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിച്ചെന്നും അന്വേഷണ ഏജൻസി വിശദീകരിച്ചു.
യാസിൻ ഭട്കൽ, മുഹമ്മദ് ഡാനിഷ് അൻസാരി, മുഹമ്മദ് അഫ്താബ് ആലം, ഇമ്രാൻ ഖാൻ, സയീദ്, ഒബൈദുർ റഹ്മാൻ, അസദുള്ള അക്തർ, ഉജ്ജൈർ അഹമ്മദ്, മുഹമ്മദ് തെഹ്സിൻ അക്തർ, ഹൈദർ അലി, സിയാവുർ റഹ്മാൻ എന്നിവർക്കെതിരേയാണു കുറ്റം ചുമത്തിയത്. മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി മൻസാർ ഇമാം, ആരിസ് ഖാൻ, അബ്ദുൾ വാഹിദ് സിദ്ദിബപ്പ എന്നിവരെ കോടതി വെറുതേ വിട്ടു.
മുൻ കേസുകളിൽ വിചാരണയ്ക്ക് ആധാരമാക്കിയ അതേ തെളിവുകളാണ് ഇപ്പോഴും അന്വേഷണ ഏജൻസി ഹാജരാക്കിയതെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രതികളുടെ അഭിഭാഷകരായ എം.എസ്. ഖാനും കൗസർ ഖാനും പ്രതികരിച്ചു.