

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ ന്യൂ ഉസ്മാൻപുർ പ്രദേശത്ത് വാടകവീടിന്‍റെ മേൽക്കൂര തകർന്നു വീണ് യുവദമ്പതികൾ മരിച്ചു. വീട്ടിലുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10ന് ജെപി നഗറിലെ ന്യൂ ഉസ്മാൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ടിങ്കു (32), ഭാര്യ ഊർമിള (30) എന്നിവരാണ് മരിച്ചത്. മേൽക്കൂര തകർന്നു വീണ് ഇരുവരും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം വീട്ടിലുണ്ടായിരുന്ന കുട്ടിക്ക് അപകടത്തിൽ പരുക്കേറ്റില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.