"ബിരിയാണി ഒരു അത്താഴം മാത്രമാണ്, അതൊരു കൺസന്‍റ് അല്ല"; നോട്ടിഫിക്കേഷൻ വിവാദത്തിൽ സൊമാറ്റോ

സ്റ്റാൻഡ്-അപ്പ് കോമഡിയൻ പ്രണിത് മോറെയുടെ കോമഡി ഷോയിലായി ഈ വിവാദ സംഭവം ഉണ്ടായത്
zomato clarifies fake notification screenshot on biryani controversy

"ബിരിയാണി ഒരു അത്താഴം മാത്രമാണ്, അതൊരു കൺസന്‍റ് അല്ല"; നോട്ടിഫിക്കേഷൻ വിവാദത്തിൽ പ്രതികരിച്ച് സൊമാറ്റോ

Updated on

സ്റ്റാൻഡ്-അപ്പ് കോമഡിയൻ പ്രണിത് മോറെയുടെ കോമഡി ഷോയുമായി ബന്ധപ്പെട്ട 370 രൂപ ബിരിയാണി വിവാദത്തിൽ പ്രതികരണവുമായി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. സൊമാറ്റോയുടേതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് പൂർണ്ണമായും വ്യാജമാണെന്ന് കമ്പനി വ്യക്തമാക്കി.

"ബിരിയാണി അത്താഴം മാത്രമാണ്, അതൊരു കൺസന്‍റ് (സമ്മതം) അല്ല. ഞങ്ങളുടെ പേരിൽ പ്രചരിക്കുന്ന ആരോചകമായ ആ നോട്ടിഫിക്കേഷൻ സ്ക്രീൻഷോട്ടുകൾ വ്യാജമാണ്. ഞങ്ങൾ അത്തരത്തിലൊന്ന് അയക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല" എക്സിൽ പങ്കുവച്ച കുറിപ്പിൽ സൊമാറ്റോ പറയുന്നു.

ഷോയ്ക്കിടെ കാണികളിലൊരാളായ യുവാവ് ഗുഡ്ഗാവ് സ്വദേശിയായ ഹിമാൻഷു ജാംഗ്ര തന്‍റെ ഡേറ്റിങ് അനുഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. താൻ ഒരു പെൺകുട്ടിയെ ഡേറ്റിങ്ങിനായി പുറത്തുകൊണ്ടുപോയെന്നും അവൾക്കായി 370 രൂപയുടെ ബിരിയാണി വാങ്ങിക്കൊടുത്തെന്നും ഇയാൾ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം പെൺകുട്ടി അവിടെ നിന്നും പോകാൻ തുടങ്ങിയപ്പോൾ താൻ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നാണ് ഇയാൾ സഭ്യേതരമായ രീതിയിൽ പറയുന്നത്.

താൻ ബിരിയാണി വാങ്ങിക്കൊടുത്ത സ്ഥിതിക്ക് പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിനു തനിക്ക് അവകാശമുണ്ടെന്ന രീതിയിലായിരുന്നു ഇയാളുടെ സംസാരം. ഇതിനെ 'പീക്ക് ഗുഡ്ഗാവ് കണ്ടന്‍റ്' എന്ന് വിളിച്ച് പ്രണിത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിന്‍റെ തുടർച്ചയായി വന്ന മറ്റൊരു ക്ലിപ്പിൽ, ആ പെൺകുട്ടിയെ ഒരു വെളിച്ചമില്ലാത്ത പാർക്കിൽ കൊണ്ടുപോയതിനെക്കുറിച്ചും അവരുടെ ശാരീരിക ഇടപെടലുകളെക്കുറിച്ചും അശ്ലീലച്ചുവയോടെ ഇയാൾ വിവരിക്കുന്നുണ്ട്. ഇതുകേട്ട് സദസിലുള്ളവരും കൊമേഡിയനായ പ്രണിതും പൊട്ടിച്ചിരിക്കുകയായിരുന്നു. 'മനോഹരമായ' ഈ കഥ പറഞ്ഞതിന് യുവാവിന് പ്രണിത് 5000 രൂപ സമ്മാനവും കൊടുത്തു!

ഡേറ്റുകൾക്കായി പണം ചെലവഴിക്കുന്നത് പങ്കാളിയുടെ മേൽ ശാരീരികമായ അവകാശം സ്ഥാപിക്കാനുള്ള ലൈസൻസല്ലെന്ന് ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിൽ യുവാവിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിനെ പ്രോത്സാഹിപ്പിച്ച പ്രണിതിവെതിരേയും രൂക്ഷ വിമർശനം ഉയർന്നു. ഇതിന് പിന്നാലെയാണ് സൊമാറ്റോയുടെ ആപ്പ് നോട്ടിഫിക്കേഷൻ എന്ന രീതിയിൽ, ‘ബിരിയാണി അയച്ചു തരട്ടേ? വെറും 370 രൂപയേ ഉള്ളൂ’ എന്ന തരത്തിലുള്ള വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചത്. ഇതോടെയാണ് സൊമാറ്റോ തന്നെ വിഷയത്തിൽ വിശദീകരണവുമായി എത്തിയത്.

അതേസമയം, പ്രതിഷേധം ശക്തമായതോടെ പ്രണിത് തന്‍റെ ഫോളോവേഴ്സിനോട് മാപ്പ് ചോദിച്ചിരുന്നു. യുവാവ് പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമല്ലെന്ന് പറഞ്ഞ പ്രണിത്, "തിരിഞ്ഞുനോക്കുമ്പോൾ, ആ സമയത്ത് ചിരിച്ച് തള്ളുന്നതിനു പകരം ആ പരാമർശത്തെ ഞാൻ ചോദ്യം ചെയ്യണമായിരുന്നു. അത് എന്‍റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു വീഴ്ചയാണ്," എന്ന് കുറിച്ചു. ഷോയിൽ വിവാദ പരാമർശം നടത്തിയ യുവാവിനെ അയാൾ ജോലി ചെയ്തിരുന്ന കമ്പനി അവിടെനിന്നു പിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്.

logo
Metro Vaartha
www.metrovaartha.com