ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ മാർച്ചിൽ തമിഴ്നാടിനു കൈമാറണമെന്ന് കർണാടക കോടതി

അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയലളിത ഉൾപ്പെടെയുള്ളവർക്കെതിരേ സുപ്രീം കോടതിയുടെ നിർദേശപ്രകാരം കർണാടകയിലാണ് വിചാരണ നടത്തിയിരുന്നത്.
ജയലളിത
ജയലളിത
Updated on

ബംഗളൂരു: അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ 27 കിലോഗ്രാം വരുന്ന സ്വർണ വജ്ര ആഭരണങ്ങൾ, വസ്ത്രങ്ങൾ മറ്റു വസ്തുക്കൾ എന്നിവ മാർച്ച് 6,7 തിയതികളിലായി തമിഴ്നാട് സർക്കാരിന് കൈമാറണമെന്ന് കർണാടക കോടതി. ജയലളിത അടക്കമുള്ളവർ പ്രതികളായ സ്വത്തുകേസിലെ പ്രധാന തെളിവാണ് ഈ ആഭരണങ്ങൾ. കേസിൽ ജയലളിതയ്ക്കെതിരേ ചുമത്തിയ 100 കോടി രൂപ പിഴ ഈടാക്കുന്നതിനായി സ്വത്തിന്‍റെ മൂല്യം കണക്കാക്കുന്നതിനായാണ് ആഭരണങ്ങൾ കൈമാറുന്നത്. ഇതിൽ 20 കിലോ ഗ്രാം വരുന്ന ആഭരണം വിൽപ്പന നടത്തുകയോ ലേലത്തിൽ വയ്ക്കുകയോ ചെയ്യാനാണ് തീരുമാനം. ബാക്കിയുള്ള ആഭരണങ്ങൾ ജയലളിതയ്ക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയതാണെന്ന നിഗമനത്തിൽ ഒഴിവാക്കാനാണ് കോടതിയുടെ തീരുമാനം.

അഡീഷണൽ സിറ്റി സിവിൽ സെഷൻസ് കോടതിയാണ് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വിലയേറിയ വസ്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറണമെന്ന് കഴിഞ്ഞ മാസം ഉത്തരവിട്ടത്. ജയലളിതയുടെ അനധികൃത സ്വത്തു സമ്പാദനക്കേസിൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരം കർണാടകയിലാണ് വിചാരണ നടത്തിയിരുന്നത്. അതു കൊണ്ടു തന്നെ കേസിലെ പ്രധാന തെളിവുകളായ ആഭരണങ്ങളെല്ലാം കർണാടക സർക്കാരിന്‍റെ കൈവശമാണ്. ജയലളിതയുടെ ബന്ധുക്കൾക്ക് ആഭരണത്തിൽ അർഹതയില്ലെന്ന് ജയലളിതയുടെ സഹോദരന്‍റെ മക്കളായ ജെ.ദീപ, ജെ. ദീപക് എന്നിവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സിബിഐ സ്പെഷ്യൽ കോടതി വിധി പ്രഖ്യാപിച്ചത്. സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് പൊലീസിന്‍റെ സാനിധ്യത്തിൽ സംസ്ഥാനത്തു നിന്നും ആഭരണങ്ങൾ ഏറ്റുവാങ്ങാമെന്നാണ് കോടതിയുടെ വിധി. ഇതോടൊപ്പം വിചാരണയ്ക്കായി സംസ്ഥാനത്തിനു ചെലവായ അഞ്ച് കോടി രൂപ കർണാടകയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജയലളിത, തോഴി, വി. ശശികല, വി.എൻ. സുധാകരൻ, ശശികലയുടെ ബന്ധു ജെ. ഇളവരശി എന്നിവരാണ് കേസിൽ പ്രതികളായിരുന്നത്. ഇവർ കുറ്റക്കാരാണെന്ന് 10 വർഷം മുൻപേ കോടതി കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com