

ബെംഗളൂരു: ബിജെപിയിൽ നിന്ന് രാജിവെച്ച കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കോൺഗ്രസിൽ ചേർന്നു. സാവദി അത്തനി മണ്ഡലത്തിൽ കോൺഗ്രസിനു വേണ്ടി മത്സരിക്കും. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സാവദി പാർട്ടിയിൽ ചേർന്നത്.
ലക്ഷ്മൺ സാവദിയെപ്പോലുള്ള മുതിർന്ന നേതാക്കളോട് നല്ല രീതിയിലല്ല ബിജെപി പെരുമാറുന്നത്. സാവദി കോൺഗ്രസിനുവേണ്ടി അത്തനി മണ്ഡലത്തിൽ ജനവിധി തേടും. തെരഞ്ഞെടുപ്പിൽ അദ്ദേഹം ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കർണാടക മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് സാവദി കോൺഗ്രസിൽ ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ അത്തനി മണ്ഡലത്തിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് സാവദി ബിജെപിയിൽ നിന്ന് രാജിവെച്ചത്. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ട സാവദി മുൻമുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ അനുയായിയും കരുത്തനായ ലിംഗായത്ത് നേതാവ് കൂടിയാണ്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെയാണ് കർണാടക ബിജെപിയിൽ പെട്ടിത്തെറിയുണ്ടായത്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നു എന്ന പേരിൽ നേതാക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.