യുഎഇയിൽ ആദ്യ ട്രെയിൻ സർവീസ്: നേതൃത്വം നൽകി അഞ്ച് മലയാളികൾ

ഇത്തിഹാദ് റെയിലിന്റെ ഫുജൈറ–അബുദാബി ആദ്യ പാസഞ്ചർ സർവീസ് വിജയകരം; ലോക്കോ പൈലറ്റ് നിഷാദ് സലീം ഉൾപ്പെടെ അഞ്ച് മലയാളികളുടെ നിർണായക പങ്ക്
UAE train service

യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയ്ൻ സർവീസിന്‍റെ ഫ്ളാഗ് ഓഫ്.

Updated on

ദുബായ്: യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ച് ഇത്തിഹാദ് റെയിലിന്‍റെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് വിജയകരമായി യാത്ര പൂർത്തിയാക്കി. പുലർച്ചെ 5.34-ന് കിഴക്കൻ തീരനഗരമായ ഫുജൈറയിലെ അൽ ഹിലാൽ സ്റ്റേഷനിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത പ്രഥമ ട്രെയിൻ സർവീസ്, കൃത്യം 105 മിനിറ്റുകൾകൊണ്ട് (1 മണിക്കൂർ 45 മിനിറ്റ്) തലസ്ഥാന നഗരിയായ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തിച്ചേർന്നു.

യുഎഇയുടെ ഈ സ്വപ്ന പദ്ധതിയുടെ കന്നി സർവീസ് വിജയകരമായതിന് പിന്നിൽ അഞ്ച് മലയാളി ജീവനക്കാരുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇത്തിഹാദ് റെയിലിന്‍റെ ചരിത്രയാത്രയിൽ പൈലറ്റ് കാബിൻ നിയന്ത്രിച്ചത് ലോക്കോ പൈലറ്റ് തൃശൂർ സ്വദേശി നിഷാദ് സലീം. ട്രെയിൻ ക്യാപ്റ്റന്മാരായി കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ് എന്നിവർ. ട്രെയിൻ മാസ്റ്റർമാരായി പാലക്കാട് സ്വദേശി രഞ്ജി രവി, മലപ്പുറം സ്വദേശി ആദിൽ മുഹമ്മദ് എന്നിവരും കന്നി യാത്രയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചു.

ആദ്യ ട്രെയിനിലെ ആദ്യ യാത്രക്കാരെ തെരഞ്ഞെടുക്കാനുള്ള അവകാശം യുഎഇ അധികൃതർ പൊതുജനങ്ങൾക്കാണു നൽകിയത്. സമൂഹത്തിൽ ക്രിയാത്മക മാറ്റങ്ങൾ കൊണ്ടുവന്നവരെയും സന്നദ്ധപ്രവർത്തനങ്ങളിൽ മാതൃകയായവരെയും ജനങ്ങൾ നാമനിർദേശം ചെയ്തു. അവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക അതിഥികളുമായാണ് ട്രെയിൻ ഇന്ന് ആദ്യ സർവീസ് നടത്തിയത്.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ഒരേസമയം 400 പേർക്ക് യാത്ര ചെയ്യാം. കംഫർട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് ക്ലാസുകളാണ് ഇതിലുള്ളത്. വൈഫൈ, യുഎസ്ബി ചാർജിങ് പോർട്ടുകൾ, പ്രത്യേക ലഗേജ് സ്പേസ്, ഓൺബോർഡ് ഡൈനിങ് തുടങ്ങി വിമാനങ്ങൾക്ക് സമാനമായ മികച്ച സൗകര്യങ്ങൾ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ അബുദാബി - ഫുജൈറ റൂട്ടിൽ പ്രതിദിനം മൂന്ന് സർവീസുകളാണ് (രാവിലെ 8:19, ഉച്ചയ്ക്ക് 1:53, വൈകിട്ട് 6:39) ലഭ്യമാകുക.

ഉദ്ഘാടനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി - ഫുജൈറ റൂട്ടിൽ കംഫർട്ട് ക്ലാസിന് 55 ദിർഹവും (യഥാർത്ഥ നിരക്ക് : 109ദിർഹം ), പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് (യഥാർത്ഥ നിരക്ക് : 239ദിർഹം ) ഈടാക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്പ് വഴിയും യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

logo
Metro Vaartha
www.metrovaartha.com