

എട്ടാമത് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ ഡിസംബർ 2 ന് ദുബായിൽ
ദുബായ്: മോഡൽ സർവീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന എട്ടാമത് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ 2026 ഡിസംബർ 2 ബുധനാഴ്ച ദുബായ് മുഹൈസ്ന ന്യൂ ഡോൺ പ്രൈവറ്റ് സ്കൂളിൽ നടക്കും. യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ദേശീയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ മേള, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുടെയും യുവജനങ്ങളുടെയും കഴിവുകളും സർഗാത്മകതയും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര യുവജന സംഗമമായി മാറും. ഡിസംബർ 2-ന് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് മത്സരങ്ങൾ നടക്കുക.
ദുബായ് ഗവൺമെന്റിന്റെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മോഡൽ സർവീസ് സൊസൈറ്റിക്ക് സന്നദ്ധസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക പ്രതിബദ്ധത, യുവജന ശാക്തീകരണം, വിദ്യാഭ്യാസ-സാംസ്കാരിക പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഇത്ര ഗോൾഡൻ അവാർഡ് ലഭിച്ചത്.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 60-ലധികം സ്കൂളുകൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 300-ലധികം സന്നദ്ധപ്രവർത്തകരുടെ സാന്നിദ്ധ്യം ഉണ്ടാവും.
ദേശീയതകളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യങ്ങൾക്കിടയിൽ സൗഹൃദം, ഐക്യം, പരസ്പര ബഹുമാനം, സഹിഷ്ണുത എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മത്സര നിലവാരത്തോട് കിടപിടിക്കുന്ന രീതിയിൽ മൽസരങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. പബ്ലിക് സ്പീക്കിങ്, സ്റ്റോറിടെല്ലിങ്, ഫോക്ക് ഡാൻസ്, സ്കിറ്റ്, ടാലന്റ് ഷോ, ഖുർആൻ പാരായണം, ഫാൻസി ഡ്രസ്, പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, അറബിക് കാലിഗ്രഫി, ടാബ്ലോ, മൈം തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും.
ബെസ്റ്റ് പെർഫോമർ ബോയ്, ബെസ്റ്റ് പെർഫോമർ ഗേൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി എന്നീ അവാർഡുകൾ നൽകും. സീസൺ എട്ടിന്റെ ഭാഗമായി ഇന്റർ സ്കൂൾ ക്വിസ് മത്സരമായ 'ചാമ്പ്യൻസ് ട്രോഫി'യും നടക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കല, പെയിന്റിംഗ്, ക്രിയേറ്റീവ് ക്രാഫ്റ്റ്, സ്റ്റോറിടെല്ലിംഗ് തുടങ്ങിയ മേഖലകളിൽ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രത്യേക വേദിയൊരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.