

ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കാൻ പുതിയ നിയമവുമായി അബുദാബി
representative image
അബുദാബി: ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും മറ്റ് ഭക്ഷണശാലകളിലും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നിയമങ്ങളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ച് അബുദാബി ഭരണകൂടം.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണവും ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം, ഹോട്ടലുകളിലെയും റെസ്റ്റോറന്‍റുകളിലെയും മെനുകളിൽ വിഭവങ്ങളുടെ കലോറി മൂല്യം വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്.
ഉപഭോക്താക്കൾക്ക് കൂടുതൽ പോഷകസമ്പന്നമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ ഇത് സഹായകരമാകും. ഇതിനുപുറമേ ഭക്ഷണത്തിൽ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് പരിമിതപ്പെടുത്താനും കുട്ടികൾക്കായുള്ള മെനുകളിൽ കൂടുതൽ ആരോഗ്യകരമായ വിഭവങ്ങൾ ഉൾപ്പെടുത്താനും നിർദേശമുണ്ട്.
നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ പിഴ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു.