

ജേവാക്കിങ്ങിന് 400 ദിർഹം പിഴ: മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി: റോഡ് മുറിച്ചുകടക്കുമ്പോൾ അതിനായി ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം കർശന പിഴയും ശിക്ഷയും നേരിടേണ്ടി വരുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അധികൃതർ ഈ നിർദേശം നൽകിയിരിക്കുന്നത്.
റോഡുകൾ മുറിച്ചുകടക്കുന്നതിനായി നിർമിച്ചിട്ടുള്ള നടപ്പാലങ്ങൾ, തുരങ്കങ്ങൾ, സീബ്രാലൈനുകൾ എന്നിവ മാത്രം ഉപയോഗിക്കാൻ ജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. ഇത് പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്ന ജേവാക്കിങ് നിയമലംഘനങ്ങൾക്ക് 400 ദിർഹം പിഴ ഈടാക്കുന്നതാണ്.
മണിക്കൂറിൽ 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ നിയമലംഘനം നടത്തി അപകടമുണ്ടാക്കിയാൽ 10,000 ദിർഹം വരെ പിഴയും കുറഞ്ഞത് മൂന്ന് മാസം തടവും ലഭിക്കാം. തിരക്കേറിയ റോഡുകളിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തത് വൻ അപകടങ്ങൾക്ക് കാരണമാകുമെന്നും പൊലീസ് ഓർമിപ്പിച്ചു.