തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും ചികിത്സയും; നൂർ ദുബായ് ഫൗണ്ടേഷനുമായി കരാർ ഒപ്പുവെച്ച് അക്കാഫ് അസോസിയേഷൻ

ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമദാൻ മാസത്തിൽ പദ്ധതി ആരംഭിക്കുന്നത്.
ACAF inks agreement noor dubai foundation for free medical camp for laborer's

തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും ചികിത്സയും; നൂർ ദുബായ് ഫൗണ്ടേഷനുമായി കരാർ ഒപ്പുവെച്ച് അക്കാഫ് അസോസിയേഷൻ

Updated on

ദുബായ്: യു എ ഇ യിലെ പ്രമുഖ സന്നദ്ധ സംഘടനയായ നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധന നടത്താനുള്ള പദ്ധതി ആരംഭിച്ചു. ഇതിന്‍റെ ഭാഗമായുള്ള ധാരണാ പത്രത്തിൽ അക്കാഫ് അസോസിയേഷൻ പ്രതിനിധികളും നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളും ഒപ്പുവെച്ചു. കരാർ പ്രകാരം ഈ വർഷം മുഴുവൻ തൊഴിലാളികൾക്കായി നേത്ര പരിശോധനാ ക്യാമ്പുകളും ആവശ്യമുള്ളവർക്ക് ശസ്ത്രക്രിയകളും നടത്താനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനായി ഇരുകൂട്ടരും സഹകരിച്ച് പ്രവർത്തിക്കും.

യു എ ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമദാൻ മാസത്തിൽ പദ്ധതി ആരംഭിക്കുന്നതെന്ന് നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളും അക്കാഫ് അസോസിയേഷൻ ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ സമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിലായി ഇതുവരെ 666 പേർക്ക് സൗജന്യ നേത്രപരിശോധന നടത്തി . അതിൽ 190 പേർക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു. 80 വനിതകളും 586 പുരുഷന്മാരുമടങ്ങുന്ന തൊഴിലാളികളാണ് നേത്രപരിശോധനാ ക്യാമ്പുകളിൽ പരിശോധനക്കെത്തിയത്.

സമൂഹക്ഷേമം ലക്ഷ്യമാക്കി നൂർ ദുബായ് ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കാനായതിൽ അക്കാഫ് അസോസിയേഷൻ ഏറെ അഭിമാനിക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് അഭിപ്രായപ്പെട്ടു.

സൗജന്യ നേത്രപരിശോധന, കണ്ണട വിതരണം , അത്യാവശ്യ ശസ്ത്രക്രിയകൾ എന്നിവയിലൂടെ യു എ ഇ യിൽ മാത്രമല്ല, വിദേശത്തും സമൂഹത്തിലെ അനാഥരായവർക്കും നിർധനർക്കും സഹായം എത്തിക്കാനാകുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാഴ്ച വൈകല്യം ഇല്ലാതാക്കുക എന്ന

നൂർ ദുബായ് ഫൗണ്ടേഷന്‍റെ ദൗത്യത്തിന് അനുസൃതമാണ് അക്കാഫ് അസോസിയേഷന്റെ സാമൂഹ്യ കാഴ്ചപ്പാടെന്നും പോൾ ടി ജോസഫ് പറഞ്ഞു.

വെസ്റ്റ് സോൺ, അൽ ജാബർ ഓപ്റ്റിക്കൽ, അലോക്ക ഐ ക്ലിനിക്ക് എന്നീ സ്ഥാപനങ്ങളും അക്കാഫിന്‍റെ നേത്രപരിശോധനാ ക്യാമ്പുകളുമായി സഹകരിക്കുന്നുണ്ട്.

സമൂഹത്തിലെ എല്ലാവർക്കും നേത്രാരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്ന് നൂർ ദുബായ് ഫൗണ്ടേഷന്റെ ബോർഡ് അംഗവും സിഇഒയുമായ ഡോ. മനാൽ തര്യം പറഞ്ഞു. കാഴ്ച ശക്തി പരിശോധന, രോഗനിർണയത്തിന് ആവശ്യമായ ആശുപത്രി റഫറലുകൾ, ചികിത്സയ്ക്കുള്ള മരുന്ന്, കണ്ണടകൾ, ശസ്ത്രക്രിയകൾ എന്നിവ സൗജന്യമായി നൽകുന്ന പദ്ധതിയാണ് നൂർ ദുബായ് ഫൗണ്ടേഷൻ ആവിഷ്കരിച്ചിരിക്കുന്നതെന്നും ഡോ. മനാൽ തര്യം വിശദീകരിച്ചു.

ലേബർ ക്യാമ്പുകളിലെ അക്കാഫിന്‍റെ ഇഫ്താർ കിറ്റ് വിതരണത്തോടനുബന്ധിച്ചാണ് നേത്ര പരിശോധനയും നടത്തുന്നത്. ഇതുവരെയായി എഴുപത്തയ്യായിരത്തോളം ഇഫ്താർ കിറ്റുകളാണ് ഇഫ്താർ ബോക്സ്- 6 ന്റെ ഭാഗമായി ദുബായിലെ വിവിധ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്തത്. വിവിധ കോളജ് അലുംനികളിലെ മുന്നൂറോളം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. “ഈ അഭിമാനകരമായ പദ്ധതിയിലൂടെ തൊഴിലാളികൾക്കിടയിൽ ചെറുതും വലിയതുമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത് റമദാനിന്‍റെ ഐക്യഭാവം ഓർമ്മിപ്പിക്കുന്നു.”-ദുബായിയിലെ സന്നദ്ധ പ്രവർത്തകൻ ഷംസ അൽ മുഹൈരി പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ നൂർ ദുബായ് ഫൗണ്ടേഷൻ നാഷണൽ ഏർലി ഡിറ്റക്ഷൻ പ്രോഗ്രാം മാനേജർ ഒമർ അലി, നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളായ വലീദ് ഹുസൈൻ, നൂറ അബ്ദുള്ള, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ.എസ്., വൈസ് പ്രസിഡന്‍റ് വെങ്കിട് മോഹൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ മുഹമ്മദ് റഫീക്, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, മീഡിയ കൺവീനർ എ.വി. ചന്ദ്രൻ, ഇഫ്താർ ബോക്സ് -6 ജനറൽ കൺവീനർ ജോഷി കെ.വി. , സോഷ്യൽ മീഡിയ കൺവീനർ സമീർ ബാബു എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com