

യുഎഇയുടെ ചരിത്രം തേടി ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ വിദ്യാർഥികൾ
ഷാർജ: യു എ ഇയുടെ പൈതൃകവും ചരിത്രവും അടുത്തറിയാൻ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ വിദ്യാർഥികൾ ഷാർജ പുരാവസ്തു മ്യൂസിയം സന്ദർശിച്ചു. സ്കൂളിലെ ഹെറിറ്റേജ് ക്ലബ് അംഗങ്ങളായ ഒന്നാം ക്ലാസ്സു മുതൽ അഞ്ചാം ക്ലാസ്സു വരെയുള്ള 60 വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. യുഎഇയുടെ സമ്പന്നമായ പൈതൃകത്തെയും ചരിത്രത്തെയും കുറിച്ച് കൂടുതൽ അറിയുക എന്നതായിരുന്നു സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം.
മ്യൂസിയത്തിലെ വിവിധ ഗാലറികൾ സന്ദർശിച്ച വിദ്യാർഥികൾ പുരാതന കാലഘട്ടങ്ങളിലെ ഉപകരണങ്ങൾ, മൺപാത്രങ്ങൾ, ആഭരണങ്ങൾ, നാണയങ്ങൾ, മറ്റു പുരാവസ്തുക്കൾ എന്നിവ കാണുകയും അവയുടെ ചരിത്രപ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു.
ഈ സന്ദർശനം അവരുടെ ചരിത്രബോധവും പൈതൃക സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധവും വർധിപ്പിച്ചതായി അധ്യാപകർ പറഞ്ഞു. അറിവും അനുഭവവും ഒരുപോലെ പകർന്ന വിദ്യാഭ്യാസ സന്ദർശനത്തിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകരായ ജീജ പ്രജിത്ത്, ശോഭന രാമൻകുട്ടി, വൃന്ദ രംജിത്ത്, സുഗന്ധി ഷാജു, രേവതി ബാലകൃഷ്ണൻ, ജസീല കുഞ്ഞിവീട് എന്നിവർ കുട്ടികൾക്കു വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകി.