

മാതൃസ്മരണയിൽ 28 എഴുത്തുകാർ 'സ്വർഗത്തിന്‍റെ സ്വർണ വാതിലുകൾ' പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ 28 എഴുത്തുകാർ ചേർന്നെഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'സ്വർഗത്തിന്‍റെ സ്വർണവാതിലുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. അമ്മയെക്കുറിച്ച് എഴുത്തുകാർ തയാറാക്കിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രമുഖ കവി കമറുദ്ദീൻ ആമയം പരിപാടി ഉദ്ഘാടനം ചെയ്തു. ഫത്താഹ് മുള്ളൂർക്കര അധ്യക്ഷത വഹിച്ചു.
കവിയും സാംസ്കാരിക പ്രവർത്തനുമായ കെ. ഗോപിനാഥൻ, സാംസ്കാരിക പ്രവർത്തകൻ വി.പി.കെ. അബ്ദുല്ലക്ക് നൽകി പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചു. എഴുത്തുകാരനായ മുസ്തഫ വാഫി പുസ്തകം പരിചയപ്പെടുത്തി. മാതൃസ്നേഹം എന്ന വിഷയത്തെക്കുറിച്ച് നടന്ന ചർച്ചയിൽ എഴുത്തുകാരായ ഡോ. ഹസീന ബീഗം, ഹുസ്ന റാഫി, ഷെറീന എന്നിവർ സംസാരിച്ചു. ടി. ഹിദായത്തുള്ള, ടി.കെ. അബ്ദുസ്സലാം, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി, ഷാനവാസ് പുളിക്കൽ, റഷീദ് പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.
പുസ്തകം യാഥാർഥ‍്യമായതിന്‍റെ നാൾവഴികളെ കുറിച്ച് എഡിറ്റർ കൂടിയായ ജുബൈർ വെള്ളാടത്ത് സംസാരിച്ചു. ചടങ്ങിൽ സുഹൈൽ നിസാമി പ്രാർഥന നിർവഹിച്ചു. ജാഫർ കുറ്റിക്കോട് സ്വാഗതവും മുത്തലിബ് അരയാലൻ നന്ദിയും പറഞ്ഞു.