

സെൻട്രൽ സമ്മേളനത്തിന് സമാപനം; ദുബായ് ഓർമക്ക് പുതിയ നേതൃത്വം
ദുബായ്: ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ)യുടെ സെൻട്രൽ സമ്മേളനം ദുബായിൽ സമാപിച്ചു. സമ്മേളനം സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടന സമ്മേളനത്തിൽ ഓർമ വൈസ് പ്രസിഡന്‍റ് ജിജിത് അനിൽകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷിജു ബഷീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഓർമയുടെ അഞ്ച് മേഖലകളിൽ നിന്നായി 18 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ആകെ 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളായി.
രാജ്യത്ത് ജാതി-മത വർഗീയ ശക്തികൾ കരുത്താർജിക്കുന്ന സാഹചര്യത്തിൽ പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ടെന്ന് പി. ജയരാജൻ അഭിപ്രായപ്പെട്ടു. ദുബായിലെ പ്രവാസി മലയാളികൾക്കിടയിൽ ഓർമ നടത്തുന്ന ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. എൻ. കെ. കുഞ്ഞഹമ്മദ് പ്രസംഗിച്ചു.
സമ്മേളനത്തിൽ ആകെ 11 പ്രമേയങ്ങൾ അവതരിപ്പിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ മുൻകരുതൽ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. പ്രവാസി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രദീപ് തോപ്പിൽ, ജിജിത് അനിൽകുമാർ, ജയപ്രകാശ് എന്നിവർ ഉൾപ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: പ്രസിഡന്‍റ്: സി. കെ. ആംബുജാക്ഷൻ, ജനറൽ സെക്രട്ടറി: ഷിജു ബഷീർ,ട്രഷറർ: സാദിഖ്, വൈസ് പ്രസിഡന്‍റ്: സോണിയ ഷിനോയ്, സെക്രട്ടറിമാർ: അക്ബർ അലി, ജിസ്മി,ജോയിന്‍റ് ട്രഷറർ: സുൽഫത്ത്