

കുട്ടികളുടെ ഓൺലൈൻ ഗെയിംസ്: രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശവുമായി ദുബായ് പൊലീസ്
representative image
ദുബായ്: വേനലവധി കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്ക് കടുത്ത ജാഗ്രതാ നിർദേശവുമായി ദുബായ് പൊലീസ്. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളും അവർ കളിക്കുന്ന ഗെയിമുകളും നിരന്തരം നിരീക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഓൺലൈൻ ഗെയിമുകളിലൂടെ കുട്ടികൾ അപരിചിതരുമായി ബന്ധപ്പെടാനും തട്ടിപ്പുകൾക്കോ ചൂഷണങ്ങൾക്കോ ഇരയാകാനുമുള്ള സാധ്യത കൂടുതലാണെന്ന് ദുബായ് പൊലീസിലെ സൈബർ കുറ്റകൃത്യ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. അപരിചിതരായ ആളുകളുമായി വ്യക്തിഗത വിവരങ്ങളോ ചിത്രങ്ങളോ പങ്കുവെക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കണം.
കുട്ടികൾ കളിക്കുന്ന ഗെയിമുകളുടെ ഉള്ളടക്കവും അവയിലെ പ്രായപരിധി നിർദേശങ്ങളും രക്ഷിതാക്കൾ ഉറപ്പുവരുത്തണം. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി മാതാപിതാക്കളുടെ മേൽനോട്ടം ശക്തമാക്കണമെന്നും ഓൺലൈൻ തട്ടിപ്പുകളോ സംശയാസ്പദമായ സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ദുബായ് പൊലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.