

ഇന്ത്യക്കാരന്‍റെ മരണം: ഇന്ത്യൻ നാവികർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: യുഎഇ തീരത്തുണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ മരിച്ച സാഹചര്യത്തിൽ, കടലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കപ്പലുകളിലെ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഓരോ ജീവനക്കാരും ഉറപ്പുവരുത്തണമെന്ന് കോൺസുലേറ്റ് ആവശ്യപ്പെട്ടു.
പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്
കപ്പലിലെ സുരക്ഷാ സംവിധാനങ്ങൾ കൃത്യമാണെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
അടിയന്തര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തൊഴിലുടമകളുമായും ഷിപ്പിംഗ് ഏജന്‍റുമാരുമായും നിരന്തരം ബന്ധം പുലർത്തുക.
അപകടം നടന്ന കപ്പലിന്‍റെ ഉടമകളുമായും പ്രാദേശിക അധികൃതരുമായും ബന്ധപ്പെട്ടുവരികയാണെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മരിച്ച നാവികന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതിസന്ധികളിൽ പെടുന്ന നാവികർക്ക് സഹായത്തിനായി ദുബായ് കോൺസുലേറ്റിന്‍റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറിലോ (800 46342) വാട്സാപ്പ് നമ്പറിലോ (+971 543090571) ബന്ധപ്പെടാവുന്നതാണ്. കടലിലെ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും കമ്പനികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കോൺസുലേറ്റ് ഓർമിപ്പിച്ചു.