

മുഹമ്മദ് അർഷമാൻ
ഷാർജ: യുഎഇയിൽ രണ്ട് വയസുകാരൻ മൂന്നാം നിലയിൽ നിന്ന് വീണ മരിച്ച കേസിൽ അയൽക്കാരായ മലയാളി കുടുംബത്തെ കസ്റ്റഡിയിലെടുത്ത് ഷാർജ പൊലീസ്. കണ്ണൂർ സ്വദേശികളെയാണ് അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ടു മാസം മുൻപാണ് പാക് സ്വദേശിയായ സജ്ജാദ് ഹുസൈനിന്‍റെ മകൻ മുഹമ്മദ് അർഷമാൻ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ചത്.
സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ അയൽക്കാരായ മലയാളി കുടുംബത്തിലെ പത്തു വയസു പ്രായമുള്ള പെൺകുട്ടികളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. അപ്പാർട്ട്മെന്‍റിന്‍റെ ഇടനാഴിയിൽ കുട്ടിയെ ഇരുത്തി അമ്മ അകത്തേക്ക് പോയ സമയത്ത് മലയാളി പെൺകുട്ടികളിലൊരാൾ കുട്ടിയെ കൈ നീട്ടി വിളിക്കുന്നതും കുട്ടി എത്തിയ ഉടൻ തന്നെ വാതിലടയ്ക്കുന്നതും സിസിടിവിയിൽ ഉണ്ട്.
അധികം വൈകാതെയാണ് കുട്ടി താഴെ വീണത്. തൊട്ടു പിന്നാലെ രണ്ടു പെൺകുട്ടികളും സാധാരണ ഭാവത്തിൽ നടന്നു പോകുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 14 മീറ്ററോളം താഴേക്ക് വീണ കുട്ടി അപ്പോൾ തന്നെ മരിച്ചിരുന്നു. ഷാർജ പൊലീസ് കേസ് ശിശുസംരക്ഷണ അഥോറിറ്റിക് കൈമാറിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.