

അജ്മാനിലെ മൂന്ന് ബസ് റൂട്ടുകളിൽ ഡിജിറ്റൽ പേയ്മെന്‍റ് നിർബന്ധമാക്കുന്നു
ദുബായ്: അജ്മാനിലെ പൊതുഗതാഗത സംവിധാനം പൂർണമായും ഡിജിറ്റൽവത്കരിക്കുന്നതിന്‍റെ ഭാഗമായി മൂന്ന് പ്രധാന ആഭ്യന്തര ബസ് റൂട്ടുകളിൽ നേരിട്ട് പണം നൽകി ടിക്കറ്റ് എടുക്കുന്ന രീതി നിർത്തലാക്കുന്നു. അൽ ജർഫ് (എജെ വൺ), ഇൻഡസ്ട്രിയൽ ഏരിയ (എജെ ടു), അൽ ഹമീദിയ (എജെ ത്രീ) എന്നീ റൂട്ടുകളിലാണ് സെപ്റ്റംബർ മാസം മുതൽ ക്യാഷ് പേയ്മെന്റുകൾ നിർത്തലാക്കുന്നത്. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
മുസല്ല ബസ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന ഈ റൂട്ടുകളിൽ യാത്ര ചെയ്യുന്നവർ ഇനി മുതൽ മസാർ സ്മാർട്ട് കാർഡുകളോ, ബാങ്ക് കാർഡുകളോ, ആപ്പിൾ പേ, ഗൂഗിൾ പേ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളോ ഉപയോഗിച്ച് വേണം ടിക്കറ്റ് നിരക്ക് അടയ്ക്കാൻ. ബസുകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും സർവീസ് കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കുന്നത്. മസാർ കാർഡുകൾ ബസ് സ്റ്റേഷനുകളിൽ നിന്നോ ഡിജിറ്റൽ ആപ്ലിക്കേഷൻ വഴിയോ എളുപ്പത്തിൽ സ്വന്തമാക്കാമെന്നും അതോറിറ്റി അറിയിച്ചു. ഭാവിയിൽ കൂടുതൽ റൂട്ടുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.